തൃശൂർ : ലോക്ക് ഡൗണിനെ തുടർന്ന് സ്തംഭിച്ചിരിക്കുന്ന പൊതുമരാമത്ത് നിർമ്മാണപ്രവർത്തനങ്ങളും സ്വകാര്യമേഖലയിലുള്ള പ്രവൃത്തികളും 20 ന്‌ ശേഷം തുടങ്ങാൻ തീരുമാനം. ഹോട്ട്‌ സ്‌പോട്ട് പ്രദേശം ഒഴിവാക്കി ബാക്കി സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണം പാലിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തനം പുനരാരംഭിക്കാമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ജില്ലയിലും ഇത് നടപ്പിലാക്കുന്നത്. ശാരീരിക അകലം പാലിച്ചും ശുചിത്വ മാനദണ്ഡങ്ങൾ അനുസരിച്ചുമായിരിക്കണം തൊഴിലാളികളെ ജോലിക്ക് ഇറക്കേണ്ടത്. കരാറുകാർ ഓരോ പ്രവൃത്തി സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധമായും നടത്തണം.

കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിറുത്തിവയ്‌ക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. മേയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ അതിനകം തന്നെ നല്ല ഭാഗം പ്രവർത്തനം പൂർത്തീകരിക്കാൻ കഴിയണം. ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിർമ്മാണവും ഉടൻ പൂർത്തിയാക്കണം. അതിനുവേണ്ട താത്കാലിക സംവിധാനം ഒരുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിന് അനുമതി നൽകേണ്ടതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കെ.എസ്.ആർ.ടി.സി ബസ് നൽകും


ഇരുപതിൽ കൂടുതൽ പേരെ ജോലിക്ക് ആവശ്യമുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറക്കി ഇവരെ കൊണ്ടുവരാനുള്ള സൗകര്യമുണ്ടാക്കും. ഇതിന്റെ വാടക സർക്കാരിന് നൽകണം.

വ്യവസ്ഥകൾ


നിർമ്മാണപ്രവർത്തനങ്ങൾക്ക് തൊഴിലാളികളെ വാഹനങ്ങളിൽ കുത്തിനിറച്ച് കൊണ്ടുവരരുത്.


തൊഴിലാളികൾ ജില്ലയിൽ നിന്ന് തന്നെ


ഇതര ജില്ലകളിൽ നിന്നും ജോലിക്കാരെ ആവശ്യം വരുമ്പോൾ അവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം
കൊണ്ടുവരുന്ന ജോലിക്കാരെ അത് പൂർത്തിയാകുന്നതു വരെ ജില്ല വിട്ട് പുറത്ത്‌ പോകാൻ അനുവദിക്കില്ല

പൂർത്തീകരിക്കേണ്ടത്


മഴക്കാല പൂർവ്വ പ്രവർത്തനം, റോഡ് നിർമ്മാണം, പഞ്ചായത്ത് പ്രവർത്തനം, പൂർത്തിയാകാതെ കിടക്കുന്ന ലൈഫ് പ്രവർത്തനങ്ങൾ, പാലം, റോഡ് നിർമ്മാണങ്ങൾ