അന്തിക്കാട് ; സി പി.ഐ ഓഫീസിൽ നടത്തുന്ന സമാന്തര അടുക്കള നിറുത്തണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന്റെ വീടിന് മുന്നിൽ കഞ്ഞിവയ്പ്പ് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് സമാന്തര അടുക്കള പൂട്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ സമാന്തര അടുക്കളകളും നിറുത്തലാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
കൃഷിമന്ത്രിയുടെ നാട്ടിൽ അന്തിക്കാട് സി.പി.ഐയുടെ പാർട്ടി ഓഫീസിൽ കിച്ചൻ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയുമായ ശോഭാ സുബിന്റെ നേതൃത്വത്തിൽ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ വസതിക്കു മുമ്പിൽ യൂത്ത് കോൺഗ്രസ് അടപ്പുകൂട്ടി സമരം ചെയ്തത്.
യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, കെ.എസ്.യു ജില്ലാ ജന. സെക്രട്ടറി വൈശാഖ് വേണുഗോപാൽ, യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ ആലപ്പുഴ എന്നിവർ നേതൃത്വം നൽകി. സമരക്കാരെ അന്തിക്കാട് സി.ഐ: പി.കെ മനോജ് കുമാർ, എസ്.ഐ: വി.എൻ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അടുക്കള അടപ്പിച്ചു
എ.ഐ.വൈ.എഫ്ൻ്റെ നേതൃത്വത്തിൽ മാർച്ച് 26 മുതൽ 22 ദിവസമായി അന്തിക്കാട് ചടയംമുറി സ്മാരകത്തിൽ പ്രവർത്തിച്ചിരുന്ന എ.ഐ.വൈ.എഫ് ന്റെ അടുക്കള പൊലീസ് ഇടപെട്ട് അടപ്പിച്ചു. അന്തിക്കാട് പഞ്ചായത്ത് സെക്രട്ടറി അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് നൽകിയ നിർദ്ദേശത്തെ തുടർന്ന് അന്തിക്കാട് പൊലീസ് അടുക്കള അടയ്ക്കാൻ നോട്ടീസ് നൽകിയിരുന്നു.
............................
സി.പി.ഐ ഓഫീസിൽ സമാന്തര അടുക്കള നടത്തുന്ന കാര്യം അറിയില്ല. തന്റെ അറിവിൽ ഇങ്ങനെ ഒരടുക്കളയില്ല. ഉണ്ടെങ്കിൽ നടത്താൻ അനുവദിക്കില്ല
മന്ത്രി വി.എസ് സുനിൽ കുമാർ