അന്തിക്കാട്: മത്സ്യക്കൃഷിയിൽ നേട്ടം കൊയ്ത് ജയലക്ഷ്മി ശ്രദ്ധേയയാവുന്നു. പുത്തൻപീടിക വള്ളൂക്കാട്ടിൽ രാജേഷിന്റെ ഭാര്യയാണ് ജയലക്ഷ്മി. മത്സ്യഫെഡിൽ നിന്നും ലൈസൻസ് നേടി, ഗവ. അംഗീകാരത്തോടെ നിർമ്മിച്ച 30 സെന്റ് കുളത്തിലാണ് മത്സ്യക്കൃഷി ആരംഭിച്ചത്. രോഹു, ഗിഫ്റ്റ് പിലോപ്പി ഇനത്തിൽ പെട്ട 2,500 മത്സ്യക്കുഞ്ഞുങ്ങളെയാണ് വിന്യസിച്ചത് ഏറെ പ്രതീക്ഷയോടെയായിരുന്നു.
എന്നാൽ ഫ്ലഡ് വന്ന് കൃഷിക്ക് നാശം സംഭവിച്ചത് കൊണ്ട് വിളവെടുപ്പിൽ 200 കിലോ മത്സ്യമേ ലഭിച്ചുള്ളൂവെങ്കിലും കൃഷി ജയലക്ഷ്മിയെ നിരാശപ്പെടുത്തിയില്ല. മാർക്കറ്റിൽ 20 രൂപയോളം വിലയുള്ള ആറ് ഇഞ്ച് നീളമുള്ള ആയിരം " രോഹു" ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളെ ലഭിച്ചതു കൊണ്ട് മത്സ്യക്കൃഷിയിൽ നേട്ടം കൊയ്യാനായെന്ന് ജയലക്ഷ്മി പറഞ്ഞു. മത്സ്യകൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റൊരു കുളമുണ്ടാക്കി അതിലാണ് രോഹു മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. മത്സ്യക്കൃഷി കൂടാതെ ജൈവ പച്ചക്കറി കൃഷിയിലും, റംബൂട്ടാൻ കൃഷിയിലും മികച്ച നേട്ടമുണ്ടാക്കാൻ ജയലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്. 2017 ലെ അന്തിക്കാട് പഞ്ചായത്തിലെ മികച്ച യുവകർഷക അവാർഡും ജയലക്ഷ്മിക്ക് ലഭിച്ചിട്ടുണ്ട്