guruvayur-temple

ഗുരുവായൂർ: ക്ഷേത്രത്തിലെ ഇടക്കാല മേൽശാന്തിപദവി സംബന്ധിച്ച് ക്ഷേത്രം തന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയതോടെ ദേവസ്വം തീരുമാനം മാറ്റി. നിലവിലെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇടക്കാല മേൽശാന്തിയായി പഴയത്ത് സതീശൻ നമ്പൂതിരിയെ കഴിഞ്ഞ ദിവസം ദേവസ്വം നിയമിച്ചിരുന്നു.

ഇടക്കാല മേൽശാന്തി എന്ന പദവിയില്ലായെന്നും പുനഃപരിശോധന വേണമെന്നും കാട്ടി ക്ഷേത്രം വലിയതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് ഇന്നലെ ദേവസ്വം ചെയർമാന് കത്ത് നൽകി. ക്ഷേത്രത്തിലെ നാല് ഓതിക്കന്മാർ ചേർന്ന് മേൽശാന്തിയുടെ പ്രവൃത്തി ചെയ്യുന്നതിനാണ് കഴിഞ്ഞ ദിവസം ധാരണയായിരുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ഇടക്കാല മേൽശാന്തി പദവി ഒഴിവാക്കാൻ ദേവസ്വം തീരുമാനിച്ചത്.

തിരുവാഭരണങ്ങളുടേയും, ശ്രീകോവിലിലെ മറ്റു മുതലുകളുടെയും, മേൽശാന്തിയുടെ പ്രവർത്തികൾ മറ്റ് ഓതിക്കന്മാരുമായി ബന്ധപ്പെട്ട് നിർവ്വഹിക്കുന്നതിന്റെയും ചുമതല പഴയത്ത് സതീശൻ നമ്പൂതിരിക്കായിരിക്കും. ഇന്നലെ രാത്രി മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി ചുമതലയൊഴിഞ്ഞു. ഓതിക്കൻ പഴയത്ത് സതീശൻ നമ്പൂതിരി ശ്രീകോവിലിന്റെ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി ചുമതലയേറ്റെടുത്തു.