തൃശൂർ: ഇന്ത്യാ കോഫി ബോർഡ് സഹകരണ സംഘത്തിന് കീഴിലെ കോഫീ ഹൗസ് ജീവനക്കാർക്ക് മാനേജ്‌മെന്റ് ശമ്പളം നിഷേധിച്ചതിൽ സർക്കാരിന് റിപ്പോർട്ട് നൽകാൻ തീരുമാനമായി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പ്രശ്‌ന പരിഹാര യോഗത്തിന്റേതാണ് തീരുമാനം. മാർച്ച് 23 വരെ തിരുവനന്തപുരം മുതൽ തൃശൂർ വരെയുളള 52 കോഫി ഹൗസുകളിൽ പണിയെടുത്ത ജീവനക്കാർക്ക് 2,000 രൂപ മാത്രമാണ് വേതന ഇനത്തിൽ നൽകിയത്. ലോക്ക്ഡൗൺ കാലത്ത് 4 കോഫി ഹൗസുകൾ പ്രവർത്തിക്കുന്നുമുണ്ട്. 8,000 മുതൽ 42,000 രൂപ വരെയാണ് കോഫി ഹൗസ് ജീവനക്കാരുടെ ശമ്പളം.

മാർച്ചിലെ പൂർണ്ണ ശമ്പളം മുഴുവൻ സ്ഥാപനങ്ങളും നൽകണമെന്ന് മുഖ്യമന്ത്രിയും നിർദ്ദേശിച്ചിരുന്നു. എന്നാൽ കോഫി ഹൗസ് ജീവനക്കാർക്ക് 2,000 രൂപയിലധികം നൽകാൻ ഇന്ത്യൻ കോഫി ബോർഡ് സഹകരണ സംഘം മാനേജ്‌മെന്റ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി. തൊഴിലാളികൾ മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് പ്രശ്‌നപരിഹാരത്തിനായി യോഗം വിളിച്ചത്. മാനേജ്‌മെന്റിന്റെ വീഴ്ചകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ വ്യവസായ വകുപ്പ് ജനറൽ മാനേജർക്ക് നിർദ്ദേശം നൽകി. ഈ റിപ്പോർട്ട് കൂടി കിട്ടിയ ശേഷമാണ് സർക്കാരിന് ശമ്പളപ്രശ്‌നം സംബന്ധിച്ച പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കുക. ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ ലേബർ ഓഫീസർ പി.ആർ രാജീവ്, ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്‌സ് കോ ഓപറേറ്റീവ് സൊസൈറ്റി സെക്രട്ടറി സി.ഡി സുരേഷ്, അംഗങ്ങളായ വി.എസ് രഘു, ജി. ഷിബു, വ്യവസായ വാണിജ്യ വകുപ്പ് ജനറൽ മാനേജർ എസ്. സജി എന്നിവർ പങ്കെടുത്തു...