മാള: അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലെ റാങ്ക് ലിസ്റ്റ് പൊടി തട്ടിയെടുക്കുന്നതും കാത്ത് ഉദ്യോഗാർത്ഥികൾ സപ്ലൈകോയുടെ ക്യൂവിൽ. രാഷ്ട്രീയ നേതാക്കളുടെ ശുപാർശയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സംരക്ഷിക്കാനാണ് ഒഴിവ് നികത്താത്തതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. സംസ്ഥാനത്ത് സപ്ലൈകോയുടെ വിൽപ്പനശാലകളിലായി 2,100 തസ്തികകൾ ഉണ്ടായിരുന്നു. കൂടാതെ 151 ഒഴിവ് മൊത്ത സംഭരണ കേന്ദ്രങ്ങളിലായുമുണ്ട്. എന്നാൽ അന്ന് സർക്കാർ അനുവദിച്ചിരുന്നത് 1,839 തസ്തികകളായിരുന്നു. ഇതിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ മൂന്ന് പേർ ഡെപ്യൂട്ടേഷൻ അടക്കം 1,586 പേരാണ് ജോലി ചെയ്യുന്നത്.
2007 ലെ കണക്കനുസരിച്ച് ആയിരം വിൽപ്പന ശാലയ്ക്കായാണ് 2015 ൽ അപേക്ഷ ക്ഷണിച്ചത്. പിന്നീട് 1,600 വിൽപ്പന ശാലകൾ ആയതോടെ ഇത് 3,000 ആയിട്ടുണ്ടാകുമെന്നാണ് സൂചന. എന്നാൽ ആദ്യ കണക്കനുസരിച്ച് പോലും റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടന്നിട്ടില്ല. ശേഷിക്കുന്ന 668 ഒഴിവുകളാണ് നികത്താനുള്ളതെന്ന് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പറയുന്നു. അന്നത്തെ സർക്കാർ കണക്കനുസരിച്ചുള്ള 1,839 തസ്തികകളിൽ ഇന്നുമുള്ളത് 1,583 പേർ മാത്രമാണ്. ആദ്യ കണക്കനുസരിച്ച് 256 ഒഴിവുകൾ കൂടാതെ പിന്നീട് തുടങ്ങിയ വിൽപ്പന ശാലകളിലേത് കൂടിയാകുമ്പോൾ തസ്തികകൾ വർദ്ധിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ഗവർണർ, ധനകാര്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്. കൊവിഡ് 19 പശ്ചാത്തലത്തിൽ സപ്ലൈകോ ജീവനക്കാരുടെ സേവനം കൂടുതൽ ആവശ്യമുള്ളതാണ്. ഈ റാങ്ക് പട്ടികയിൽ ഉള്ള പലർക്കും പ്രായപരിധി കടക്കുന്നതിനാൽ ഇത് അവസാന അവസരമാണ്. ജില്ലാ അടിസ്ഥാനത്തിലുള്ള പട്ടിക ഇങ്ങനെ...
റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളുടെ കണക്ക്
ബ്രാക്കറ്റിൽ നിയമനം നടന്ന എണ്ണം
തിരുവനന്തപുരം 386 (73)
കൊല്ലം 455 (101)
പത്തനംതിട്ട 393 (41)
ആലപ്പുഴ 397 (88)
കോട്ടയം 391 (64)
ഇടുക്കി 393 (34)
എറണാകുളം 591 (106)
തൃശ്ശൂർ 497 (73)
പാലക്കാട് 510 (75)
മലപ്പുറം 499 (79)
കോഴിക്കോട് 405 (99)
വയനാട് 193 (32)
കണ്ണൂർ 492 (61)
കാസർകോട് 243 (42)
..................
'കൊവിഡ് 19 പശ്ചാത്തലത്തിൽ എല്ലാ മേഖലകളിലുള്ളവർക്കും മികച്ച പരിഗണന നൽകിയ മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്. റാങ്ക് പട്ടിക ജില്ല തിരിച്ച് നിലവിൽ വന്നിട്ട് രണ്ട് വർഷം കഴിഞ്ഞു. പുതിയ വിൽപ്പന ശാലകളിലെ ഒഴിവുകൾക്ക് കൂടി ഈ റാങ്ക് പട്ടികയിലുള്ളവരെ പരിഗണിക്കണം
ടി.എസ് റഷീദ്
റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ
ജില്ല പ്രസിഡന്റ്