ഗുരുവായൂർ: ക്ഷേത്രത്തിലെ ഇടക്കാല മേൽശാന്തി സ്ഥാനവുമായി ബന്ധപ്പെട്ട് ക്ഷേത്രം തന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയതോടെ ദേവസ്വം തീരുമാനം മാറ്റി. ക്ഷേത്രത്തിലെ നിലവിലെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇടക്കാല മേൽശാന്തിയായി പഴയത്ത് സതീശൻ നമ്പൂതിരിയെ കഴിഞ്ഞ ദിവസം ദേവസ്വം നിയമിച്ചിരുന്നു. എന്നാൽ ഇടക്കാല മേൽശാന്തി എന്ന പദവിയില്ലായെന്നും ഇടക്കാല മേൽശാന്തിയെ നിയമിച്ച കാര്യത്തിൽ പുനഃപരിശോധന വേണമെന്നും കാട്ടി ക്ഷേത്രം വലിയ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് ഇന്നലെ ദേവസ്വം ചെയർമാന് കത്ത് നൽകി. ക്ഷേത്രത്തിലെ നാല് ഓതിക്കന്മാർ ചേർന്ന് മേൽശാന്തിയുടെ പ്രവൃത്തി ചെയ്യുന്നതിനാണ് കഴിഞ്ഞ ദിവസം ധാരണയായിരുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ഇടക്കാല മേൽശാന്തി എന്ന പദവി ഒഴിവാക്കാൻ ദേവസ്വം അധികൃതർ ഇന്നലെ തീരുമാനിച്ചു. നിലവിലെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയുടെ കാലാവധി മാർച്ച് 31ന് അവസാനിച്ചു. ലോക്ക്ഡൗൺ മൂലം പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂവും നറുക്കെടുപ്പും നടത്താൻ സാധിക്കാതെ വന്നതിനെ തുടർന്ന് അദ്ദേഹം ചുമതല തുടരുകയായിരുന്നു. തെരഞ്ഞെടുപ്പ് ഇനിയും നീളുമെന്നതിനാലും നിലവിലെ മേൽശാന്തിക്ക് വിശ്രമം ആവശ്യമായതിനാലുമാണ് മേൽശാന്തിയുടെ ചുമതല ഓതിക്കന്മാർക്ക് കൈമാറാൻ ദേവസ്വം തീരുമാനിച്ചത്. തിരുവാഭരണങ്ങളുടേയും, ശ്രീകോവിലിലെ മറ്റു മുതലുകളുടെയും, മേൽശാന്തിയുടെ പ്രവർത്തികൾ മറ്റ് ഓതിക്കന്മാരുമായി ബന്ധപ്പെട്ട് നിർവ്വഹിക്കുന്നതിന്റെയും ചുമതല പഴയത്ത് സതീശൻ നമ്പൂതിരിക്കായിരിക്കും.