തൃശൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ റേഷൻ വിതരണം തുടരുമ്പോൾ വെട്ടിപ്പും തട്ടിപ്പും തടയാൻ ശക്തമാക്കി ഭക്ഷ്യവിതരണ വകുപ്പിന്റെ സ്‌ക്വാഡുകൾ. അതേസമയം, മാസപ്പടി വാങ്ങുന്നുവെന്ന വിവരങ്ങളെ തുടർന്ന് ഉദ്യോഗസ്ഥരെ പിടികൂടാനുളള സ്‌ക്വാഡുമായി വിജിലൻസും രംഗത്തുണ്ട്.
താലൂക്ക് സപ്‌ളൈ ഓഫീസർമാർ, റേഷനിംഗ് ഇൻസ്പക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന ശക്തമാക്കിയത്. അളവുതൂക്ക ഉപകരണങ്ങളും സ്റ്റോക്കിലെ വ്യതിയാനങ്ങളും പരിശോധിക്കുന്നുണ്ട്. ഇ- പോസ് മെഷിനുകൾ ആധാർ ബന്ധിതമായതിനാൽ കാര്യമായ തട്ടിപ്പ് നടത്താൻ കഴിയില്ലെങ്കിലും കടയുടമകൾ മറ്റ് പല വഴികളിലൂടെയും തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് വിവരം. മാസങ്ങൾക്ക് മുൻപ് പരേതരായ റേഷൻ കാർഡുടമകളുടെ പേരിൽ ധാന്യം വെട്ടിച്ചെന്ന പരാതിയിൽ കഴിഞ്ഞ ദിവസം റേഷൻ കടയുടെ ലൈസൻസ് താലൂക്ക് സപ്ലൈ ഓഫിസർ റദ്ദാക്കിയിരുന്നു. ചാലക്കുടി പരിയാരം മോതിരക്കണ്ണിയിലായിരുന്നു വെട്ടിപ്പ്. പരേതരായ കാർഡുടമകളുടെ പേരിൽ അരിയും മണ്ണെണ്ണയും ഗോതമ്പും വെട്ടിച്ചതിന് ചാലക്കുടിയിൽ മാത്രം 22 കടക്കാർക്കെതിരെ ഏതാനും മാസം മുൻപു സിവിൽ സപ്ലൈസ് വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഒരാൾ മാത്രം താമസിക്കുന്ന വീടുകളിലെ കാർഡ് ഉടമ മരിക്കുമ്പോഴാണ് ഇ–പോസ് മെഷീനിൽ തട്ടിപ്പ് നടത്തി 'മാന്വൽ ട്രാൻസാക്‌ഷൻ' രീതിയിൽ റേഷൻ കടയുടമകൾ വെട്ടിപ്പു നടത്തിയത്.
''മുൻപേയുള്ള പരാതികളിൽ അന്വേഷണം നടക്കുന്നുണ്ട്. മെഷിൻ വഴി ആർക്കെല്ലാം റേഷൻ കൊടുത്തിട്ടുണ്ട് എന്ന് വ്യക്തമാണ്. എങ്കിലും തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടിയുണ്ടാകും. അതിനായാണ് സ്‌ക്വാഡ് രംഗത്തുള്ളത്.''
- അയ്യപ്പദാസ്, ജില്ലാ സപ്‌ളൈ ഓഫീസർ
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഉദ്യോഗസ്ഥരും
മുൻകാലങ്ങളേക്കാൾ ഉദ്യോഗസ്ഥർ ഈ കൊവിഡ് കാലത്തും മാസപ്പടി വാങ്ങുന്നുവെന്ന പരാതികളെ തുടർന്ന് വിജിലൻസും സ്‌ക്വാഡുമായി രംഗത്തുണ്ട്. റേഷൻ വ്യാപാരികളിൽ നിന്ന് സ്ഥിരമായി മാസപ്പടി വാങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് തലപ്പിള്ളി താലൂക്കിലെ റേഷനിംഗ് ഇൻസ്‌പെക്ടർ കെ.കെ. സാബുവിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. മാസപ്പടി സംബന്ധിച്ച് പരാതികൾ വിജിലൻസിന് ലഭിക്കുന്നുണ്ട്. ഇത് അന്വേഷിക്കാനാണ് സ്‌ക്വാഡുകൾ രൂപീകരിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നത്. വ്യാപാരികളിൽ നിന്ന് പണവും സാധനങ്ങളും കൈപ്പറ്റി ആരോഗ്യവിഭാഗത്തിലെ ചില ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതായ കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.
'' ഉദ്യോഗസ്ഥർക്ക് എതിരായ പരാതികളും രഹസ്യവിവരങ്ങളും ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിജിലൻസ് സ്‌ക്വാഡുകൾ ശക്തമായി രംഗത്തുണ്ട് ''
- മാത്യുരാജ്, ഡിവൈ.എസ്.പി, വിജിലൻസ്