amina-fidha
ആമിന ഫിദ

തൃപ്രയാർ: 2 സ്പൂൺ പയർ കൊണ്ട് ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കാൻ കഴിയുമോ ? രണ്ടാഴ്ച മുൻപു വരെ ആമിനയ്ക്ക് മറുപടി പറയാൻ കഴിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഉത്തരം റെഡി. മൈക്രോ ഗ്രീൻസ് കൃഷി രീതിയിൽ ഇലകൾ വിളയിച്ച് മുളച്ചതിനുശേഷം വളരെ കുറച്ചുദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാൻ കഴിയുന്നതാണ് മൈക്രോ ഗ്രീൻസ് കൃഷി. ഇതിൽ വിജയം കൊയ്യുകയാണ് ഏഴാം ക്‌ളാസുകാരി ആമിന ഫിദ.

വലപ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. മുരിയാംതോട് പഴച്ചോട് കാരണപറമ്പിൽ മുഹമ്മദ് റാഫിയുടെയും അദ്ധ്യാപികയായ സബിതയുടെയും മകൾ. കൃഷി പലതരത്തിലുണ്ട്. സാധാരണ മണ്ണിലുള്ള ക്യഷി, ഹൈഡ്രോപോണിക്‌സ്, അക്വാപോണിക്‌സ് മുതലായവ. ഇത്തരം കൃഷിക്ക് ഒരുപാട് അധ്വാനം, ചിലവ്, സമയം അങ്ങിനെ നിരവധി കാര്യങ്ങളുണ്ട്.

വിവിധ കൃഷിരീതികളുണ്ടെങ്കിലും അധ്വാനം ഇല്ലാതെ മണ്ണ് ഇല്ലാതെ എങ്ങനെ ക്യഷി ചെയ്യാൻ കഴിയും എന്ന് കാണിച്ചുതരികയാണ് ആമിന, മൈക്രോ ഗ്രീൻസ് കൃഷിയിലൂടെ. സാധാരണ ധാന്യം, ഇലക്കറി, പയർവർഗം എന്നിവയാണ് ഫലപ്രദമെന്ന് ആമിന പറഞ്ഞു. പയർ, മുതിര, ഗ്രീൻപീസ്, ഉഴുന്ന്, കടല എന്നിവയാണ് കൃഷിക്ക് ഉപയോഗിച്ചത്.

ലോക്ക് ഡൗണും സൂര്യാഘാതവും ബാധിക്കാത്ത തരത്തിൽ അടുക്കളത്തോട്ടം എങ്ങനെ കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിക്കാം എന്ന് അന്വേഷിച്ചാണ് മൈക്രോ ഗ്രീൻസ് ക്യഷി രീതിയെ കുറിച്ച് ആമിന ഫിദ മനസ്സിലാക്കിയത്. ജൈവ കർഷകനായ ഹനീഷ്‌കുമാറും സയൻസ് അദ്ധ്യാപിക ബേബിയുമാണ് കൃഷി രീതിയിൽ പ്രചോദനവും പ്രോത്സാഹനവും ആമിന ഫിദയ്ക്ക് നല്കിയത്.

കൃഷിരീതിയിങ്ങനെ

ഒരു ട്രേയിൽ നനച്ച ഒരു ചാക്ക് വച്ച് അതിൽ തലേദിവസം വെള്ളത്തിൽ കുതിർത്തുവച്ച ധാന്യങ്ങൾ ഓരോ ഭാഗത്തായി സെറ്റായി വിതറിയിടണം. പിന്നീട് ജനാലയുടെ അടുത്തുവച്ച് ഈ പാത്രം തുണി കൊണ്ട് മൂടിക്കെട്ടി ദിവസവും വെള്ളം സ്‌പ്രേ ചെയ്യണം. ദിവസങ്ങൾക്കുള്ളിൽ പാകിയ വിത്തുകൾ മുളച്ചുവരും. എട്ടു ദിവസം കൊണ്ട് ആരോഗ്യത്തോടു കൂടി എല്ലാ തൈകളും വളർന്ന് പാത്രം നിറയും. പിന്നീട് കത്രിക കൊണ്ട് കടഭാഗം വെട്ടിയെടുത്ത് മാറ്റണം. ഇതുപയോഗിച്ച് മൈക്രോ ഗ്രീൻസ് കൊണ്ട് തോരൻ ഉണ്ടാക്കിയാണ് ആമിന ഫിദ ശ്രദ്ധേയമായത്. അങ്ങനെ 2 സ്പൂൺ പയർ കൊണ്ട് ഒരു നേരത്തേക്കുള്ള ഭക്ഷണം തയ്യാറാക്കിയിരിക്കയാണ് ഈ കൊച്ചുമിടുക്കി.