തൃശൂർ: കൊവിഡ് 19 ലോക്ക് ഡൗൺ നിയന്ത്രണം നീക്കിയാലും ഉടൻ സർവീസ് നടത്താാനാകില്ലെന്ന് ബസുടമകൾ. വാഹനങ്ങൾക്കായി പുറപ്പെടുവിച്ച മാർഗരേഖ പാലിച്ച് സർവീസ് നടത്താനാകില്ലെന്ന നിലപാടിലാണ് ബസുടമകൾ. നിലവിൽ വലിയ പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന വ്യവസായത്തിന് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നാണ് വാദം.

തൊഴിലാളികളുടെ കൂലി നൽകാൻ സർക്കാർ സഹായിക്കുകയും ഇന്ധന ചെലവിലും നികുതിയിലും ഇളവ് അനുവദിക്കുകയും വേണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ സാമൂഹിക സേവനമെന്ന നിലയിൽ സർവീസ് നടത്താൻ തയ്യാറാണെന്നും ബസ് ഉടമകൾ പറയുന്നു. ഓറഞ്ച് എ മേഖലയിൽ 24 ന് ശേഷവും ഓറഞ്ച് ബി മേഖലയിൽ തിങ്കളാഴ്ചക്ക് ശേഷവും സ്വകാര്യ ബസുകൾക്ക് നിയന്ത്രണങ്ങളോടെ സർവീസ് നടത്താമെന്നാണ് മാർഗരേഖയിലുള്ളത്.

എന്നാൽ രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാൾക്ക് മാത്രമെ ഇരിക്കാനാകൂ. നിന്ന് യാത്ര ചെയ്യുന്നതും അനുവദിക്കില്ല തുടങ്ങിയ നിബന്ധനകളുണ്ട്. ഇങ്ങനെ സർവീസ് നടത്തിയാൽ പരമാവധി 15 പേർക്ക് മാത്രമേ ഒരേ സമയം യാത്ര ചെയ്യാനാകൂ. ഈ നിബന്ധനയോടെ സർവീസ് നടത്താൻ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്.

സംസ്ഥാനത്ത് 12000ത്തോളം സ്വകാര്യ ബസുകളാണുള്ളത്. ഇന്ധനവും പരിപാലനവുമായി ചെലവ് വർദ്ധിച്ചതിനാൽ നിരക്ക് വർദ്ധന ആവശ്യപ്പെടാനുള്ള നീക്കത്തിലായിരുന്നു ബസുടമകൾ. ലോക്ക് ഡൗൺ കാലം വലിയ നഷ്ടവുമുണ്ടാക്കി ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി. വൈറസ് വ്യാപനം വരുന്നതിന് മുമ്പ്, നിരക്ക് വർദ്ധന സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനിടയിലായിരുന്നു ലോക്ക് ഡൗൺ. ഫെബ്രുവരിയിൽ തന്നെ യാത്രക്കാർ ബസുകളിൽ കുറവായിരുന്നു. അതോടെ പ്രതിസന്ധി ശക്തമായിരുന്നുവെന്നും ബസ് ഉടമ സംഘടനാ നേതാക്കൾ പറഞ്ഞു.


ബസുടമകളുടെ നിർദ്ദേശങ്ങൾ

*വൈറസ് വ്യാപനം അവസാനിക്കുന്നത് വരെ സർവീസ് നടത്തുന്നതിനാവശ്യമായ ഇന്ധനം പകുതി വിലയ്ക്ക് ലഭിക്കണം.

* റോഡ് നികുതി ഒഴിവാക്കണം

* ബസ് ഉടമകളും തൊഴിലാളികളും അടക്കേണ്ട ക്ഷേമനിധി വിഹിതം ഇക്കാലയളവിൽ ഒഴിവാക്കണം

* ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി തീരുന്ന മുറയ്ക്ക് ആറു മാസം കാലാവധി നീട്ടി നൽകണം

*ഓരോ ബസ് സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളിലും യാത്രക്കാർക്കാവശ്യമായ മാസ്‌കുകളും സാനിറ്റൈറസുകളും സർക്കാർ ഉറപ്പ് വരുത്തണം