തൃശൂർ: ജില്ലയിൽ 20ന് ശേഷം ഇളവുകൾ പ്രഖ്യാപിച്ചു. നിർമ്മാണ മേഖലയിൽ ഗതാഗതത്തിനു പാസ്സ് അനുവദിക്കും. ലോക്ക് ഡൗൺ നിലനിൽക്കുമ്പോൾ തന്നെയാണ് ഇളവുകൾ നൽകാൻ ജില്ലാ ഭരണകൂടം തീരുുമാനിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭിക്കുന്ന കടകൾ ആഴ്ചയിൽ രണ്ടു ദിവസം തുറക്കും. കെട്ടിട നിർമ്മാണ മേഖലയിലുള്ളവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് തീരുമാനം.
നിർമ്മാണ മേഖലയിലെ വാഹനങ്ങൾക്ക് പാസ്സ് അനുവദിക്കുന്നതിന് ജില്ലാതല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ നോഡൽ ഓഫീസറായും സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി, ജില്ലാ ലേബർ ഓഫീസർ, ഡിവൈ.എസ്.പി, ക്രഡായ് പ്രതിനിധി, ബിൽഡേഴ്‌സ് അസോസിയേഷൻ പ്രതിനിധി എന്നിവർ അംഗങ്ങളായാണ് സമിതി രൂപീകരിച്ചത്.
കെട്ടിട നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയ്ക്കായി സിമെന്റ്, സ്റ്റീൽ, ഹാർഡ്‌വെയർ, ഇലക്ട്രിക്കൽ, ഷോപ്പുകൾ, പ്ലംബിംഗ്, സാനിറ്ററി, ടൈൽസ് തുടങ്ങിവ വിൽക്കുന്ന സ്ഥാപനങ്ങൾ 21, 23 തീയതികളിൽ രാവിലെ 9 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തിക്കും. ഈ സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശിക്കുന്ന സുരക്ഷമാനദണ്ഡങ്ങൾ പാലിക്കണം.
ബിൽഡേഴ്‌സ് ആൻഡ് കോൺട്രാക്‌ടേഴ്സ് സംഘടനയുടെ നിശ്ചിത മാതൃകയിലുളള വാഹന, ഗതാഗത, കെട്ടിടനിർമ്മാണ പാസ്സുകൾ മോണിറ്ററിംഗ് കമ്മിറ്റിക്ക് സമർപ്പിക്കണം. തുടർന്ന് ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർക്കാണ് നിർമ്മാണപ്രവൃത്തി തുടങ്ങാൻ അനുമതി നൽകുക. ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ നിന്നും കെട്ടിടനിർമ്മാണത്തിനുളള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിക്കണം. മറ്റ് ജില്ലകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. കെട്ടിടനിർമ്മാണ സ്ഥാപനങ്ങൾ, തൊഴിലാളികളുടെ എണ്ണം, തൊഴിലിടങ്ങളിൽ തന്നെ താമസിക്കുന്നവരുടെ എണ്ണം, ജില്ലയിൽ തന്നെ മറ്റിടങ്ങളിൽ നിന്ന് വരുന്നവരുടെ എണ്ണം വ്യക്തമാക്കണം.
കൊവിഡ് 19 സുരക്ഷാ മാർഗങ്ങൾ ഉറപ്പ് വരുത്തണം. മസ്റ്ററിംഗ് സമയത്ത് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് തൊഴിലാളികളുടെ താപനില പരിശോധിക്കണം. പനി ഉള്ളവരെ ജോലിക്ക് നിയോഗിക്കരുത്. തൊഴിലാളി തൊഴിലുടമ തർക്കങ്ങൾ പരിഹരിക്കുന്നതിനും നിർമ്മാണ പ്രവൃത്തികൾ നിർദ്ദേശാനുസരണമാണോ എന്ന് പരിശോധിക്കുന്നതിനും ജില്ലാതലത്തിൽ കമ്മിറ്റി രൂപീകരിച്ചു. വ്യവസായ യൂണിറ്റുകളിളെ തൊഴിലിടങ്ങൾ അണുവിമുക്തമാക്കണം. പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തണം. അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്ത് ഇറങ്ങുന്നതിനും പ്രത്യേക വഴികൾ ഏർപ്പെടുത്തണം. മാസ്‌ക്/ ഗ്ലൗസ് ധരിക്കണം. മെഡിക്കൽ ഇൻഷ്വറൻസ് ഏർപ്പെടുത്തണം. പത്തിൽ കൂടുതൽ പേർ ഒത്തു ചേരുന്നത് നിരുത്സാഹപ്പെടുത്തണം.
21ന് ശേഷം ഇളവുകൾ ബാധകമായവ
ഗ്രൂപ്പ് എ, ബി ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ, സി, ഡി ഗ്രൂപ്പിൽ ഉൾപ്പെടുന്ന 33 ശതമാനം ഉദ്യോഗസ്ഥർ, 50 ശതമാനം കശുവണ്ടി, തേയില, റബ്ബർ പ്ലാന്റേഷൻസ്, മഹാത്മ ഗാന്ധി തൊഴിലുറപ്പ് പണികൾ, കോഴി - മത്സ്യ കടകൾ, ബാങ്കുകൾ, ഗ്യാസ്, ചരക്ക് തീവണ്ടി, മൃഗാശുപത്രികൾ, പാൽകടക്കൾ, പക്ഷിമൃഗാദി ഭക്ഷണ കടകൾ, കൃഷിക്കാവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾ, റേഷൻകടകൾ, പഴം പച്ചക്കറി കടകൾ, ഫാർമസി, എ.ടി.എം, വാർത്താ വിനിമയം ബന്ധപ്പെട്ട സ്ഥാപനങ്ങൾ, പെട്രോൾ പമ്പ്, ചായക്കടകൾ, ഏമർജൻസി ഹെൽത്ത്, മാദ്ധ്യമസ്ഥാപനങ്ങൾ, ജലവിതരണം, ചരക്ക് വഹാനം, ഹൈവേ ദാബകൾ, ഹൈവേ ട്രക്ക് റിപ്പയറിംഗ് ഷോപ്പ്, ഗ്രാമപ്രദേശങ്ങളിലെ ഭക്ഷണ വ്യവസായശാലകൾ, ഗ്രാമപ്രദേശങ്ങളിലെ റോഡ് അറ്റകുറ്റപ്പണികൾ, പ്രകൃതി വാതക വ്യവസായങ്ങൾ, ഹൈഡ്രോ ഇലക്ട്രിക്കൽ സ്റ്റേഷൻ.
21 ന് ശേഷം ഇളവുകൾ ലഭിക്കാത്തവ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാന സർവ്വീസ്, റെയിൽവേ ഗതാഗതം, സിനിമ, ഷോപ്പിംഗ് മാളുകൾ, ജിം, അന്തർ സംസ്ഥാന അന്തർ ജില്ലാ ഗതാഗതങ്ങൾ, ആരാധനാലയങ്ങൾ, നീന്തൽകുളം, ബ്യൂട്ടി പാർലർ, ജോലിക്കുള്ള വാഹനഗതാഗതം. യോഗത്തിൽ എ.ഡി.എം റെജി പി. ജോസഫ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എൻ.കെ. കൃപ, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി. റെജിൽ, ജില്ലാ ലേബർ ഓഫീസർ ടി.ആർ. രജീഷ്, തൃശൂർ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി: എസ്. ഷംസുദ്ദീൻ, ക്രഡായ് പ്രതിനിധി അബ്ദുൾ ലത്തീഫ്, ബിൽഡിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യൻ പ്രതിനിധി പി.എൻ. സുരേഷ് പങ്കെടുത്തു.