കൊടുങ്ങല്ലൂർ: കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സംരക്ഷണം ഒരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊരുങ്ങി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കി കഴിഞ്ഞു.

എടവിലങ്ങിൽ ജനതാ ആശുപത്രി, കാതിയാളം മഹല്ല് മദ്രസ എന്നിവ ഉൾപ്പെടെയുള്ള ഹാളുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഫയർഫോഴ്‌സിന്റെ സഹായത്തോടെ ഇവിടം ശുചീകരിച്ച് കഴിഞ്ഞു. ആവശ്യമെങ്കിൽ സ്‌കൂളുകളും സജ്ജമാക്കുമെന്നും അധികൃതർ അറിയിച്ചു. ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിന്റെയും, പടിഞ്ഞാറെ വെമ്പല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാന്തിപുരം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സമരക ഹയർ സെക്കൻഡറി സ്‌കൂൾ, പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ, എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് ഐസൊലേഷൻ റൂമുകൾ സജ്ജീകരിക്കുന്നത്.

വിദേശത്ത് നിന്നും എത്തുന്ന മുഴുവൻ വ്യക്തികളെയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും സജ്ജമാക്കിയതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ മരുന്നുകൾ എത്തിച്ച് നൽകാനും മത്സ്യ മാംസ വിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്താനും സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. സെയ്ഫ് വാട്ടർ കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിദ്ധ ഇടങ്ങളിൽ ക്‌ളോറിനേഷൻ നടത്തി.

ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വീടുകളിലും ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി വീടും പരിസരവും ശുചിയാക്കാൻ നിർദ്ദേശിക്കുകയും ഇതിനായി എല്ലാ വീടുകളിലും ലഘുലേഘ വിതരണം ചെയ്തു കഴിഞ്ഞു.