പുതുക്കാട്: തിങ്കളാഴ്ച മുതൽ ടോൾ പിരിവ് പുനരാരംഭിക്കാനുള്ള ദേശീയ പാത അതോറിറ്റിയുടെ തീരുമാനത്തിൽ ആരോഗ്യ വകുപ്പ് ആശങ്കയിലായി. ഒട്ടേറെ അന്യസംസ്ഥാന വാഹനങ്ങൾ കടന്നു പോകുന്ന ടോൾ പ്ലാസയിൽ പണവും, പാസും കൈമാറുന്ന സാഹചര്യത്തിൽ സുരക്ഷിതത്വം എത്രത്തോളം പാലിക്കാനാവും എന്ന കാര്യത്തിലാണ് ആശങ്ക. രോഗ വ്യാപന കേന്ദ്രമായി ടോൾ പ്ലാസ മാറുമോ എന്നതാണ് ആശങ്ക. ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുമ്പ് എ.ഐ.വൈ.എഫ് ടോൾ പിരിവ് നിറുത്തി വെക്കണമെന്നാവശ്യപ്പെട്ട് ട്രാൾ പ്ലാസ തുറന്നു വിടുകയും ടോൾ പ്ലാസ ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് ടോൾ പിരിവ് നിറുത്തിവെപ്പിച്ചു. രോഗവ്യാപനത്തിൽ സംസ്ഥാനത്ത് മാത്രം കുറവ് വന്നതോടെ പല മേഖലയിലും ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ട്. ഇതിനിടൽ ടോൾപിരിവും പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.