കൊടുങ്ങല്ലൂർ: മഴക്കാല പൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിൽ വലിയ തോടുകളുടെയും ജലസ്രോതസുകളുടെയും ശുചീകരണവും ആഴം വർദ്ധിപ്പിക്കലും ആരംഭിച്ചു. നഗരത്തിലെയും വിവിധ വാർഡുകളിലെയും പൊതുതോടുകളിൽ കെട്ടിക്കിടക്കുന്ന ചെളിയും മണ്ണും മാലിന്യവും നീക്കി, ആഴം കൂട്ടും. തോടുകളുടെ ഇരുവശവും കരിങ്കൽ ഭിത്തി കെട്ടുന്ന പ്രവർത്തനം അടുത്തഘട്ടത്തിൽ ആരംഭിക്കും. 170 ലക്ഷം രൂപ ഈ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചതായി നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാൻ വിവിധ വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും യോഗം വിളിക്കുകയും സമഗ്രമായ പദ്ധതി രൂപീകരിക്കുകയും ചെയ്തിരുന്നു.

തോടുകളുടെ ശുചീകരണത്തിനായി ഓരോ വാർഡിലേക്കുമായി ഫണ്ട് നീക്കിവെച്ചിരുന്നു. ഒന്നേമുക്കാൽ കോടിയുടെ വിവിധ വർക്കുകൾ ടെൻഡർ ചെയ്ത് പണി ആരംഭിച്ചു. നഗരസഭാ പ്രദേശത്തെ ഏറ്റവും നീളം കൂടിയതും പ്രധാനപ്പെട്ടതുമായ കാത്തോളി തോടിന് 14.5 ലക്ഷത്തിന് ടെൻഡർ നൽകി. വയലാർ വെസ്റ്റിലും ലക്ഷം വീടു് കോളനിയിലുമുള്ള കാനകൾക്ക് യഥാക്രമം 14.44 ലക്ഷവും 10 ലക്ഷവുമാണ് വകയിരുത്തിയത്. 1, 2 വാർഡുകളിലെ കണിയത്ത് തോട് ആഴം കൂട്ടി വൃത്തിയാക്കുന്ന പ്രവൃത്തി പൂർത്തിയായി.

മൂന്ന് ലക്ഷം രൂപ ചെലവ് വന്നു. വാർഡ് 35 ലെ വിവിധ തോടുകൾക്കായി നാല് ലക്ഷം രൂപയും സി.ഐ ഓഫീസ് സിഗ്നലിന് തെക്ക് ഭാഗത്തുള്ള തോടുകൾക്ക് നാലര ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. കുന്നംകുളം കാതിക്കുളത്തിനും വടശ്ശേരി കോളനിയിലെ രണ്ട് കുളങ്ങളും സംരക്ഷിക്കാൻ രണ്ടര ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വാർഡ് ആറിലെ തീരദേശ തോടിന് 50,000 രൂപയും കോട്ടപ്പുറം ജലപാത തോടിന് ഒന്നര ലക്ഷം രൂപയും കെ.കെ.ടി.എം ബസ് സ്റ്റോപ്പിന് വടക്ക് ഭാഗത്തെ തോടിന് 2 ലക്ഷം രൂപയും വാർഡ് 36 ലെ വിവിധ തോടുകളുടെ വർക്കുകൾക്ക് 4 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. എല്ലാ വാർഡുകളിലെയും വിവിധ കാനകളും തോടുകളും ശുചീകരിക്കുവാനും ആഴം കൂട്ടുവാനും ടെൻഡർ നൽകി പണി ആരംഭിച്ചതായി നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.