ചാലക്കുടി: ലോക്ക്ഡൗൺ കാലത്ത് കാട്ടിലേയ്ക്ക് ഉൾവലിഞ്ഞ പുളിയിലപ്പാറയിലെ ജനപ്രിയ മ്ലാവ് വീണ്ടും തിരിച്ചെത്തി. നാട്ടിൽ രാപ്പാർക്കാൻ ഇറങ്ങിത്തിരിച്ച ഇവന് കാട്ടിലേയ്ക്കുള്ള തിരിച്ചെഴുന്നള്ളത്ത് അത്ര സുഖകരമായില്ല. രണ്ടാഴ്ചക്കു ശേഷം തിരിച്ചെത്തിയ ഒമ്പതു വയസുകാരൻ മ്ലാവ് ക്ഷീണിതനാണ്. പുളിയിലപ്പാറയിലെ മനുഷ്യ സുഹൃത്തുക്കൾ വച്ചു നീട്ടിയ ഭക്ഷണങ്ങൾ ആർത്തിയോടെ ഭക്ഷിച്ചു. വൈദ്യുതി ബോർഡിന്റെ താൽക്കാലിക ഡ്രൈവറായ പാറശേരി ഷാജിയാണ് അന്നുമിന്നും മ്ലാവിന്റെ പ്രധാന സംരക്ഷകൻ. മൂന്നര വർഷം മുമ്പാണ് പൊരിങ്ങൽക്കുത്ത് വൈദ്യുതി നിലയത്തിന്റെ കവാട പ്രദേശത്തെ മ്ലാവിന്റെ ആഗമനം. ചെറിയ പരിക്കുണ്ടായിരുന്ന ഇതിന് ഷാജിപാപ്പനാണ് ആദ്യമായി ഭക്ഷണം വച്ചു നീട്ടിയത്. പിന്നീടിത് വിനോദ സഞ്ചാരികളുടെ ഹോബിയുമായി. തൊട്ടടുത്ത കടക്കാരും മ്ലാവിന്റെ അന്നദാതാക്കളായി. മത്സ്യമാംസം ഒഴിച്ചുള്ളതെന്തും ഭക്ഷിച്ചു. ഷാജിപാപ്പന്റേയും ബന്ധു പെരുമ്പടത്ത് കൊച്ചു മേരിയുടെയുമെല്ലാം വീടുകളുടെ പരിസരം അന്തിയുറക്കത്തിനും തെരഞ്ഞെടുത്തു. കൊവിഡാണ് പുളിയിലപ്പാറയിലെ ജനപ്രിയ മ്ലാവിന്റെ അന്നം മുട്ടിച്ചത്. വീടുകളിൽ നിന്നുമാത്രം കിട്ടുന്ന ഭക്ഷണം ഈ പെരുവയറന് ഒന്നുമായില്ല. ഇതോടെ തിരിച്ചുപോയി. എന്നാൽ അവിടേയും രക്ഷയില്ലെന്ന തിരിച്ചറിവായിരിക്കും ഇവന്റെ മടങ്ങിവരവിന് പിന്നിൽ.