തൃപ്രയാർ: കൃഷി മന്ത്രിയുടെ വസതിക്കു മുമ്പിലെ യൂത്ത് കോൺഗ്രസ് സമരം രാഷ്ട്രീയപ്രേരിതമെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. ജില്ലയിലെ 12 മണ്ഡലങ്ങളിലും എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും വിതരണം ചെയ്തിരുന്നു. അന്തിക്കാട് ചടയംമുറി സ്മാരകത്തിൽ കഴിഞ്ഞ 23 ദിവസമായി ഭക്ഷണം വിതരണം ചെയ്തിരുന്നു. സർക്കാർ സംവിധാനത്തിന്റെ ഭാഗമായ എതെങ്കിലും ഔദ്യോഗിക കേന്ദ്രത്തിൽ നിന്ന് വിതരണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് 16 വരെ യാതൊരു വിധ അറിയിപ്പും ലഭിച്ചിരുന്നില്ല. മറ്റു യുവജനസംഘടനകളും ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറി തൈകളും വിത്തുകളും ഹാൻഡ് വാഷും സാനിറ്റൈസറും മുഖാവരണവും വിതരണം ചെയ്തിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയ സി.പി.ഐയെയും എ.ഐ.വൈ.എഫിനെയും രാഷ്ട്രീയ ലക്ഷ്യത്തോടെ കരിവാരിത്തേക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമിച്ചത്. ലോക്ക് ഡൗൺ ലംഘിച്ച് മന്ത്രിയുടെ വീടിനു മുമ്പിൽ സമരനാടകം നടത്തിയത് മാദ്ധ്യമശ്രദ്ധയ്ക്കായാണ്. പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം നൽകിയ നോട്ടീസിനെ തുടർന്നാണ് പൊതിച്ചോറ് വിതരണം നിറുത്തിയതെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ്, സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, നാട്ടിക മണ്ഡലം പ്രസിഡന്റ് വൈശാഖ് അന്തിക്കാട് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.