തൃശൂർ: കമ്മ്യൂണിറ്റി കിച്ചന് സഹായവുമായി തൃശൂർ അതിരൂപതയും ഈസ്റ്റ് പൊലീസ് സ്റ്റേഷനും. തോപ്പ് സെന്റ് തോമസ് ഹൈസ്‌കൂളിൽ ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചണിലേക്ക് തൃശൂർ അതിരൂപതയും ഈസ്റ്റ് പൊലീസ് സ്റ്റേഷനും നൽകിയ സഹായങ്ങൾ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനും ചേർന്ന് ഏറ്റുവാങ്ങി. തൃശൂർ അതിരൂപത 101 ചാക്ക് അരിയാണ് സമൂഹ അടുക്കളയിലേക്ക് നൽകിയത്.

തോപ് സ്‌കൂളിലെത്തി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ ടോണി നീലങ്കാവിൽ എന്നിവർ ചേർന്നാണ് സഹായങ്ങൾ കൈമാറിയത്. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് നൽകാൻ ആയിരം മാസ്‌ക്കും, ഒരു ലോഡ് പച്ചക്കറിയും തൃശൂർ ഈസ്റ്റ് സി.ഐ: ലാൽ കുമാറിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കൈമാറി. ഇതോടൊപ്പം ഒളരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ ഒളരി യൂണിറ്റിന്റെ നേതൃത്വത്തിൽ 100 കിലോഗ്രാം അരിയും പച്ചക്കറിയും കൈമാറി.

കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ ഒളരി യൂണിറ്റ് സെക്രട്ടറി കെ.കെ. സഫിയ ഒരു മാസത്തെ പെൻഷൻ തുകയായ 30,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സഹായഹസ്തവുമായി എത്തിയ എല്ലാവർക്കും തൃശൂർ മേയർ അജിത ജയരാജൻ നന്ദി അറിയിച്ചു.