തൃശൂർ: രണ്ടു വയസ്സുകാരിയുടെ മാതൃസ്‌നേഹത്തിന് മുന്നിൽ ലോക്ക് ഡൗൺ വിലക്കുകൾ വഴിമാറി. ചാവക്കാട് പേരകം തയ്യിൽ സുബീഷിന്റെയും നീതുവിന്റെയും മകളായ സാഷിയാണ് അമ്മയെ കാണാനുള്ള സ്‌നേഹ സമരത്തിൽ വിജയിച്ചത്. പൊലീസിന്റെ സഹായത്തോടെയാണ് തലശ്ശേരിയിൽ നിന്ന് ചാവക്കാട് പേരകത്തെ വീട്ടിലേക്ക് കുട്ടിയെ എത്തിച്ചത്. പാലക്കാട്ടെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജീവനക്കാരിയായ നീതുവിനാണ് മകളെ കാണാതെ 24 ദിവസം കഴിയേണ്ടി വന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് നീതുവിന്റെ അമ്മ തലശ്ശേരിയിലെ തറവാട്ട് വീട്ടിലേക്ക് സാഷിയെ കൂട്ടികൊണ്ട് പോയി. പാലക്കാട്ട് നിന്ന് നീതു തലശ്ശേരിയിലേക്ക് പോകാനായിരുന്നു പരിപാടി. പക്ഷെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമൂലം അതു നടന്നില്ല. ഒരാഴ്ച കുഴപ്പമില്ലാതെ പോയെങ്കിലും പിന്നീട് കുട്ടി അമ്മയെ കാണണമെന്ന കരച്ചിലായി. യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലായതിനാൽ വീട്ടുകാർ നിസ്സഹായരായിരുന്നു. കുഞ്ഞ് പിന്നീട് ഭക്ഷണം കഴിക്കാതെയായി. ലോക്ക്ഡൗൺ നീട്ടിയതോടെ പ്രശ്‌നം രൂക്ഷമായി.
തുടർന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയെ സമീപിക്കുകയും അദ്ദേഹം കുട്ടിയുടെ അച്ഛൻ സുബീഷിന് കത്തു നൽകുകയുമായിരുന്നു.. ചാവക്കാട് നിന്ന് കോഴിക്കോട് വടകര വഴിയുള്ള യാത്രയിൽ നിരവധി തവണ പൊലീസ് കാറ് തടഞ്ഞു. എല്ലായിടത്തും കത്ത് കാണിച്ചതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ പരസ്പരം ചർച്ച ചെയ്ത് യാത്രാനുമതി നൽകി. അമ്മയെ കാണാനുള്ള രണ്ടു വയസ്സുകാരിയുടെ ആഗ്രഹം സഫലമായി. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ സാഷിയുടെ വീട് സന്ദർശിച്ചു. എ.വി. അഭിലാഷ്, എറിൻ ആന്റണി, വാർഡ് കൗൺസിലർ പ്രസീത മുരളീധരൻ എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.