തൃപ്രയാർ: യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിലിനെ വലപ്പാട് പൊലീസ് മർദ്ദിച്ചതായി പരാതി. ഷൈനിന് നേരെ അസഭ്യം പറയുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നും ആരോപണമുണ്ട്. പോർച്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനെതിരെ നിയമവിരുദ്ധമായി കേസ് ചാർജ്ജ് ചെയ്ത സംഭവം അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയതായിരുന്നു യുവമോർച്ച നേതാവ്.
പൊലീസ് പട്രോളിംഗിനിടെ വീട്ടുമുറ്റത്തു കൂടി ഓടിപ്പോയവരുടെ പേരും മേൽവിലാസവും അറിയില്ലെന്ന് പറഞ്ഞ സംഭവത്തിൽ വീട്ടുകാരോടുള്ള വൈരാഗ്യം തീർക്കുകയായിരുന്നു പൊലീസെന്ന് പറയുന്നു. യുവമോർച്ച നേതാവിനെ മർദ്ദിച്ച സംഭവത്തിൽ വലപ്പാട് എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ റേഞ്ച് ഐ.ജി, എസ്.പി, ഡിവൈ.എസ്.പി എന്നിവർക്ക് ബി.ജെ.പി പരാതി നല്കി. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് നേതാക്കളായ ഇ.പി ഹരീഷ്, സേവ്യൻ പള്ളത്ത്, എ.കെ ചന്ദ്രശേഖരൻ എന്നിവർ മുന്നറിയിപ്പ് നൽകി.