photo
അവശേഷിക്കുന്ന പൊട്ടുവെള്ളരി വിളവെടുത്ത് രതീഷ് കുമാറും രാജുവും

മാള: പൊട്ടുവെള്ളരി കൃഷിയും താറാവ് വളർത്തലും പടക്ക ബിസിനസും പൊട്ടി തുമ്പൂരിലെ സഹോദരങ്ങൾ 30 ലക്ഷത്തിന്റെ കടക്കെണിയിൽ. തുമ്പൂർ പറപറമ്പിൽ രതീഷ് കുമാറും രാജുവും ചേർന്ന് എട്ട് വർഷമായി പാട്ടത്തിനെടുത്ത 15 ഏക്കർ സ്ഥലത്ത് പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്. കൂടാതെ താറാവ് വളർത്തലും വിപണിക്കനുസരിച്ച് ചെയ്യുന്നുണ്ട്. കൃഷി വകുപ്പ് നിർദ്ദേശത്തെ തുടർന്ന് ഹോർട്ടികോർപ്പ് പൊട്ടുവെള്ളരി സംഭരിക്കുന്നതിന് മുമ്പ് തന്നെ ഇവരുടെ കൃഷി ഏറെക്കുറെ പാടത്ത് കിടന്ന് നശിച്ചിരുന്നു.

ദിനംപ്രതി നാല് ടൺ വരെ വിളവെടുത്ത പൊട്ടുവെള്ളരി വിപണിയില്ലാത്തതിനാൽ നശിച്ചുപോയിരുന്നു. എല്ലാ വർഷവും കിലോഗ്രാമിന് 25 മുതൽ 30 രൂപ വരെ ലഭിച്ചിരുന്ന പൊട്ടുവെള്ളരി പത്ത് രൂപയ്ക്ക് വരെ വിൽക്കേണ്ട അവസ്ഥയുണ്ടായി. ഒരു ദിവസം അധികം പോലും സൂക്ഷിക്കാൻ കഴിയാത്ത പൊട്ടുവെള്ളരി നശിപ്പിക്കേണ്ട സ്ഥിതിയുണ്ടായി. ലക്ഷങ്ങൾ വായ്പ്പയെടുത്താണ് ഇരുവരും ചേർന്ന് കൃഷിയും പടക്കക്കടയും നടത്തുന്നത്. വിവാഹങ്ങളും ആഘോഷങ്ങളും മുന്നിൽക്കണ്ടാണ് ബ്രോയിലർ താറാവുകളെ വളർത്തിയത്.

1,​600 താറാവുകൾക്ക് തീറ്റ ലഭിക്കാൻ പോലും ലോക്ക് ഡൗൺ തുടക്കത്തിൽ കഴിഞ്ഞിരുന്നില്ല. കുറെയേറെ താറാവുകൾ ചത്തൊടുങ്ങുകയും ചെയ്തപ്പോൾ നിരാശ മാത്രമായിരുന്നു ഉണ്ടായത്. ശിവകാശിയിൽ നിന്ന് പടക്കവും മറ്റു കരിമരുന്ന് ഇനങ്ങളും കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നെങ്കിലും കട തുറക്കാനായില്ല. എല്ലാം പൊലിഞ്ഞപ്പോൾ ലക്ഷങ്ങളുടെ ബാദ്ധ്യതയാണ് ഇവരെ കാത്തിരിക്കുന്നത്.