തൃശൂർ : കൊവിഡ് വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടതോടെ ആശ്വാസത്തിലാണ് ജില്ല. ജനുവരി 30ന് ഇന്ത്യയിൽ തന്നെ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് 13 പേർ രോഗബാധിതരും ആയ ശേഷമാണ് രോഗികളായി ആരും ഇല്ലാത്ത ദിവസത്തിലേക്ക് തൃശൂരെത്തിയത്. ഒരവസരത്തിൽ കേന്ദ്ര സർക്കാർ ഹോട്ട് സ്‌പോട്ടായി തൃശൂരിനെ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടുതൽ ഭീതി പരത്തിയെങ്കിലും ഇതിൽ നിന്ന് പിടിച്ചു കയറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം കർശനമാക്കി. നിരത്തുകളിൽ കറങ്ങുന്നവരെ വല വിരിച്ചു പൊലീസും പ്രതിരോധനടപടികളുമായി ആരോഗ്യ വകുപ്പും ജില്ലാ ഭരണ കൂടവും യോജിച്ച പ്രവർത്തനം നടത്തി.
രോഗികളുടെ എണ്ണം പത്തു കടക്കുകയും സമ്പർക്കത്തിലൂടെ 4 പേർക്ക് രോഗം പകരുകയും ചെയ്തതോടെ ഹോട്ട് സ്‌പോട്ടായി തൃശൂർ മാറി. ഒരു ഘട്ടത്തിൽ രോഗ വ്യാപനത്തിന് സാദ്ധ്യത മുൻകൂട്ടി കണ്ട് മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി സജ്ജീകരിച്ചു. ഇവിടെ 90 ഡോക്ടർമാർ , 140 നഴ്‌സ് , 180 മറ്റ് ജീവനക്കാർ എന്നിവരെ നിയോഗിച്ചു. കൂടാതെ ഗുരുവായൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അത്യാവശ്യ ഘട്ടത്തിൽ ഐസൊലേഷൻ സൗകര്യവും ഏർപ്പെടുത്തി.
കൂടുതൽ ഇളവുകൾക്ക് സാദ്ധ്യത
കൊവിഡ് വൈറസിൽ നിന്ന് മുക്തി നേടിയ ഇടുക്കി, കോട്ടയം ജില്ലകൾക്ക് നൽകിയ ഇളവുകൾക്ക് തൃശൂരിനും ലഭിക്കാൻ സാദ്ധ്യതയേറുന്നു. അടുത്ത ഒരാഴ്ച കൂടി പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നാൽ ഇളവുകൾ നൽകും. ഇത് സംബന്ധിച്ച് കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം തീരുമാനമെടുക്കും. നിലവിൽ ഓറഞ്ച് സോൺ ബിയിലാണ് ജില്ല ഉൾപ്പെടുന്നത്.