കാഞ്ഞാണി : മണലൂരിലെ പഞ്ചായത്ത് പാലങ്ങൾ ഏതുസമയവും നിലം പതിക്കാവുന്ന അവസ്ഥയിൽ. കാലപ്പഴക്കമേറിയതാണ് മണലൂർ പഞ്ചായത്തിലെ പല പാലങ്ങളും. പതിമൂന്നാം വാർഡിലെ ആശുപത്രി റോഡ് പാലം അടിവശം കോൺക്രീറ്റ് അടർന്ന് വീണ് കമ്പികളെല്ലാം തുരുമ്പെടുത്തും വിള്ളൽ വീണുമാണ് നിലനിൽക്കുന്നത്. പാലത്തിന്റെ മുകളിൽ ടാറിംഗ് ഉള്ളതിനാൽ പാലം അപകടാവസ്ഥയിലാണെന്നുള്ളത് തിരിച്ചറിയാതെ പോകുന്നു. ഈ പാലത്തിലൂടെ ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് കടന്നുപോകുന്നത്. ഭിത്തികൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പാലാഴിയിലും കണ്ടശ്ശാംകടവിലും മാമ്പുള്ളിയിലും പാലങ്ങളുടെ അവസ്ഥ ഇതൊക്കെ തന്നെയാണ്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങി അപകട സാദ്ധ്യതയുണ്ട്. പാലാഴിയിലെയും കണ്ടശ്ശാംകടവിലെയും പാലങ്ങളും അപകടത്തിലാണ്.
..............
അപകടാവസ്ഥയിലായ പാലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. ആരും ശ്രദ്ധയിൽപെടുത്തിയിരുന്നില്ല. അടിയന്തരമായി മെമ്പർമാരുടെ സാന്നിദ്ധ്യത്തിൽ പരിശോധിച്ച് മേൽ നടപടികൾക്കായി റിപ്പോർട്ട് സമർപ്പിക്കും.
ഇക്ബാൽ എൻജിനീയർ
മണലൂർ പഞ്ചായത്ത്
..............................
മണലൂർ പഞ്ചായത്തിലെ എല്ലാ പാലങ്ങളുടെയും ബലക്ഷയം പരിശോധിക്കണം. അപകടങ്ങൾ സംഭവിച്ച ശേഷം വിലപിച്ചിട്ട് കാര്യമില്ല. സംഭവിക്കുന്നതിന് മുമ്പ് ഉണർന്ന് പ്രവർത്തിക്കണം
ശിവരാമൻ കണിയാംപറമ്പിൽ
ഗ്രാമവികസന സമിതി