തൃശൂർ: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ കാൻസർ, കിഡ്‌നി–കരൾഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് സൗജന്യ ജീവൻ രക്ഷാ ഔഷധങ്ങൾ വീടുകളിൽ എത്തിക്കുന്ന ടി.എൻ പ്രതാപൻ എം.പിയുടെ 'അതിജീവനം' പദ്ധതി തുടങ്ങി. സർക്കാരിൻ്റെ പൂർണ്ണ പിന്തുണ നൽകുമെന്ന് മരുന്ന് വിതരണം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. സന്നദ്ധപ്രവർത്തകരോടൊപ്പം പൊലീസ്, ഫയർഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം കൂടി മരുന്ന് വിതരണത്തിനായി അനുവദിക്കും.
ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയഷൻ സംസ്ഥാന കമ്മറ്റിയുടെ സഹകരണത്തോടെയാണ് 'അതിജീവനം' പദ്ധതി നടപ്പിലാക്കുന്നത്. ലോക്ക് ഡൗൺ കാലാവധി തീരുന്ന മേയ് മൂന്ന് വരെ മാത്രമേ സൗജന്യ മരുന്ന് വിതരണം ഉണ്ടാകൂ. ടി.എൻ പ്രതാപൻ എം.പി അദ്ധ്യക്ഷത വഹിച്ചു. മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ മോഹനൻ, ഒ. അബ്ദുൾ റഹ്മാൻകുട്ടി, സി.സി ശ്രീകുമാർ, ഐ.പി പോൾ, രാജൻ പല്ലൻ, ഡോ. നിജി ജസ്റ്റിൻ, രവി ജോസ് താണിക്കൽ, എ.ബി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.