ldf-sabarimala
Vijayarakhavan LDF

തൃശൂർ : കെ.പി.സി.സിയിലെ ജംബോ കമ്മിറ്റി പോലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ജംബോ വാർത്താ സമ്മേളന പരമ്പര നടത്തുകയാണ് പ്രതിപക്ഷനേതാവും സംഘവുമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസ് നികൃഷ്ട രാഷ്ട്രീയം കളിക്കുകയാണ്. മഹാമാരിയെ പ്രതിരോധിച്ച് കേരളം ലോകമാതൃക കാട്ടിയതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും സർക്കാരിനെയും അനാവശ്യ വിവാദങ്ങളുയർത്തി ആക്ഷേപിക്കുന്ന പ്രതിപക്ഷം കേരളത്തെയും ജനങ്ങളെയും കരിവാരിത്തേക്കുകയാണ്. മഹാമാരിയുടെ പിടിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല പ്രതിപക്ഷത്തിന് താല്‍പര്യം. രാഷ്ട്രീയ മുതലെടുപ്പോടെ വിവാദങ്ങളുയർത്തി മുഖ്യമന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെടുന്ന കോൺഗ്രസ് നേതാക്കൾക്ക് വിമോചന സമരത്തിന്റെ രാഷ്ട്രീയ അപസ്മാരം വിട്ടുപോയിട്ടില്ല.

സ്‌പ്രിൻക്ളർ ഇടപാടിൽ അഴിമതിയോ ഡാറ്റാ ചോർച്ചയോ ഒന്നുമില്ല. സംശയങ്ങൾക്ക് മുഖ്യമന്ത്രി മുതൽ ഐ.ടി സെക്രട്ടറി വരെ മറുപടി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ വിമർശിക്കാം, കുറവുകൾ ചൂണ്ടിക്കാട്ടാം. എന്നാൽ കുടുംബാംഗങ്ങളെ ആക്ഷേപിക്കരുത്. പൊതുപ്രവർത്തകന്റെ സ്വകാര്യ ജീവിതം ഇത്തരത്തിൽ ചികയുന്നത് മാന്യതയല്ല. യു.ഡി.എഫ് മന്ത്രിസഭയുടെ അവസാന കാലത്തെ സ്ഥിതി മറക്കാറായിട്ടില്ല. അന്ന് പോലും അവരുടെ കുടുംബാംഗങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിട്ടില്ല.

സ്‌പ്രിൻക്ളർ വിഷയം ഇടതുമുന്നണി ചർച്ച ചെയ്യുമോയെന്ന ചോദ്യത്തിന്, ഭരണപരമായ കാര്യങ്ങൾ എൽ.ഡി.എഫുമായി ചർച്ച ചെയ്താണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് വിജയരാഘവൻ മറുപടി പറഞ്ഞു.