ഡ്രോണിന് നേരെ കല്ലേറ്
അന്തിക്കാട് : ലോക്ക് ഡൗൺ നിയമ ലംഘകരെ കണ്ടെത്താൻ അന്തിക്കാട് പൊലീസ് സ്റ്റേഷൻ മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കി. അതിനിടെ ആകാശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ഡ്രോണിന് നേരെ സാമൂഹിക ദ്രോഹികൾ കല്ലെറിഞ്ഞു. അന്തിക്കാട്, മുറ്റിച്ചൂർ, മാങ്ങാട്ടുകര, കാരമുക്ക്, പാലാഴി, മാമ്പുള്ളി, കണ്ടശ്ശാംകടവ്, മണലൂർ, കമ്പനിപ്പടി എന്നിവിടങ്ങളിൽ ആളുകൾ ഔദ്യോഗിക നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കൂടി നിൽക്കുന്നതും കുട്ടികൾ കൂട്ടം കൂടി കളിക്കുന്നതും ശ്രദ്ധയിൽപെട്ടിരുന്നു.
മുറ്റിച്ചൂരിൽ താഴ്ന്ന് പറന്ന ഡ്രോണിലേക്ക് കല്ലെറിയാൻ ശ്രമിക്കുന്നതിന്റെ ഉൾപ്പെടെ ലഭിച്ച ചിത്രങ്ങൾ പരിശോധിച്ച് ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ ആളുകൾ കൂടുന്നതും, ചീട്ടുകളി സംഘങ്ങൾ ഒത്തുകൂടുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവരെ നീരീക്ഷിച്ച് ശക്തമായ നടപടിയെടുക്കുമെന്ന് ഡ്രോൺ പറത്തലിന് നേതൃത്വം നൽകിയ എസ്.എച്ച്.ഒ പി.കെ മനോജ് കുമാറും എസ്.ഐ കെ.ജെ ജിനേഷും പറഞ്ഞു. അന്തിക്കാട് സ്റ്റേഷൻ പരിധിയിലെ തീരദേശ മേഖലകൾ, കോൾപ്പാടങ്ങളിലെ ഒഴിഞ്ഞ് കിടക്കുന്ന എൻജിൻ തറകൾ, പുഴയോരങ്ങൾ, കളി മൈതാനങ്ങൾ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ജനസാന്ദ്രത കൂടിയ തീരദേശ മേഖലയിൽ വൈറസ് ബാധ കടന്നെത്തിയാൽ നിയന്ത്രിക്കാനാകില്ലെന്ന് മനസിലാക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ലോക്ക് ഡൗണിന് ശേഷം 300 ഓളം കേസുകൾ ചാർജ് ചെയ്തതായി പൊലീസ് പറഞ്ഞു.