തൃശൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം അനുവദിച്ച സൗജന്യ റേഷൻ വിതരണം ജില്ലയിൽ ഇന്ന് തുടങ്ങും. റേഷൻ വിഹിതം കൈപ്പറ്റുന്നതിന് കാർഡുടമകൾ റേഷൻ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണുകൾ കൈവശം വയ്ക്കണം. റേഷൻ വിതരണം ഒ.ടി.പി സമ്പ്രദായം മുഖേന വിതരണം ചെയ്യുന്നതിനാലാണിതെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഒരു കാർഡിലെ ഓരോ അംഗത്തിനും അഞ്ചു കിലോഗ്രാം അരി വീതമാണ് സൗജന്യമായി ലഭിക്കുക. എ.എ. വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്കാണ് ഏപ്രിൽ 30 വരെ സൗജന്യ റേഷൻ നൽകുന്നത്. മഞ്ഞ കാർഡ് ഉടമകൾക്കുള്ള സൗജന്യ അരിയുടെ വിതരണം ഇന്നും നാളെയുമായി നടക്കും. 22 മുതൽ മുതൽ 30 വരെ പിങ്ക് കാർഡ് ഉടമകൾക്കും റേഷൻ ലഭിക്കും. റേഷൻകടകളിൽ തിരക്ക് ഒഴിവാക്കാൻ റേഷൻ കാർഡിന്റെ അവസാന നമ്പർ പ്രകാരമാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.

റേഷൻ കാർഡിലെ അവസാനത്തെ അക്കങ്ങൾ യഥാക്രമം:

1 - ഏപ്രിൽ 22, 2- 23, 3 -24, 4-25, 5-26, 6-27, 7-28, 8-29, 9,0 - 30 എന്ന രീതിയിലാണ് വിതരണം. തിരക്കായാൽ ടോക്കൺ സമ്പ്രദായവും ഏർപ്പെടുത്തും.