പുതുക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ച ദേശീയപാതയിലെ ടോൾപിരിവ് ഇന്ന് പുനരാരംഭിക്കും. ഇതുസംബന്ധിച്ച ദേശീയ പൊതുഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ് ടോൾ പ്ലാസകളിൽ ലഭിച്ചു. നേരത്തെ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ നടപ്പാക്കിയിട്ടും തുടർന്ന ടോൾപിരിവ് പ്രക്ഷോഭത്തെ തുടർന്ന് മാർച്ച് 24 നാണ് നിറുത്തിവച്ചത്.

ദിവസേന ലക്ഷങ്ങൾ വിനിമയം നടത്തുന്ന ടോൾപിരിവ് വൈറസ് വ്യാപനത്തിനിടയാക്കുമെന്ന പരാതി വ്യാപകമായതിനെ തുടർന്നായിരുന്നു തീരുമാനം. ലോക്ക് ഡൗൺ തീരുംമുമ്പ് ടോൾപിരിവ് പുനരാരംഭിക്കുന്നതിനുള്ള തീരുമാനം പിൻവലിക്കണമെന് ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. രാജ്യത്ത് ലോക്ക് ഡൗൺ മേയ് മൂന്നുവരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതവും വാണിജ്യമേഖലയും സ്തംഭിച്ച സമയത്ത് ടോൾപിരിവ് ആരംഭിക്കാനുള്ള തീരുമാനം സാധാരണ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും.

ഏറെ പ്രതിബന്ധങ്ങൾ തരണം ചെയ്ത് ഗതാഗതം നടത്തുന്ന ചരക്ക് വാഹനങ്ങളെ കൊള്ളയടിക്കാൻ മാത്രമേ ഇപ്പോഴത്തെ തീരുമാനം ഉപകരിക്കൂ. രോഗവ്യാപന സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മേയ് മൂന്ന് വരെ ടോൾ പിരിവ് നിറുത്തിവയ്ക്കാൻ വേണ്ട നടപടി ജില്ലാ കളക്ടർ കൈക്കൊള്ളണമെന്ന് ടാജറ്റ് ആവശ്യപ്പെട്ടു.