കൊടുങ്ങല്ലൂർ: നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ലക്ഷ്മി ജുവല്ലറി മാനേജ്മെൻ്റ് ഭക്ഷ്യ വസ്തുക്കളെത്തിച്ചു. അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണമാണ് സമൂഹ അടുക്കളയിലേക്ക് സ്പോൺസർ ചെയ്തത്. ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ലക്ഷ്മി ജുവല്ലറി പാർട്ണർ വി.ആർ വിഷ്ണുരാജ്, നഗരസഭ ചെയർമാൻ കെആർ ജൈത്രന് ഇവ കൈമാറി.
ലക്ഷ്മി ജുവല്ലറിയുടെ സഹകരണത്തിന് ചെയർമാൻ നന്ദി പറഞ്ഞു. 2018ലെ പ്രളയകാലത്ത്, പ്രളയത്തിൽ പ്രയാസമനുഭവിച്ച നഗരസഭയിലെ മുഴുവൻ പാവപ്പെട്ടവർക്കും സഹായം ലഭ്യമാക്കിയ ലക്ഷ്മി ജുവല്ലറിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് ചെയർമാൻ പറഞ്ഞു. സമൂഹ അടുക്കളയുടെ ചുമതലക്കാരായ നഗരസഭ കൗൺസിലർ എം.കെ സഹീർ, ഇ.ജെ ഹീര എന്നിവർ സംബന്ധിച്ചു. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, മതസ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, ബാങ്കുകൾ എന്നിവയെല്ലാം വിവിധ സഹായങ്ങളാണ് ഓരോ ദിവസവും അടുക്കളയിലേക്കെത്തിക്കുന്നത്. നഗരസഭയിലെ 44 വാർഡുകളിലേക്കും മൂന്ന് നേരവും സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം നൽകുന്നുണ്ട്. കൂടാതെ തെരുവിൽ നിന്ന് അലഞ്ഞു നടന്നവർക്കായി നടത്തുന്ന സുരക്ഷിത കേന്ദ്രത്തിലെ 50 പേർക്കും ദിവസം മൂന്നു് നേരം ഭക്ഷണം നൽകുന്നുണ്ട്.