കൊടകര: പലർക്കും കൊവിഡ് കാലം തടവറയാകുമ്പോൾ പാഴ് വസ്തുക്കളിൽ അലങ്കാരത്തിന്റെ കലാവിരുന്നൊരുക്കി ശ്രദ്ധയാകർഷിക്കുകയാണ് ബിരുദ വിദ്യാർത്ഥിനിയായ കൊടകര സ്വദേശിനി ആദിത്യരഘു. കൊവിഡിൽ നിന്നും സുരക്ഷിതരാകാൻ എല്ലാവരും വീട്ടിലിരിക്കുമ്പോൾ അവിചാരിതമായി കിട്ടിയ ഒഴിവ് സമയം വ്യത്യസ്ത രീതിയിൽ പ്രയോജനപ്പെടുത്തി കരവിരുതിന്റെ കളരിയാക്കിമാറ്റി.

ഒഴിഞ്ഞ കുപ്പികളിലും പാളയിലും കുരുത്തോലയിലും വിവിധ കലാവിരുതുകൾ തീർക്കുകയാണ് ഈ പ്രകൃതിസ്‌നേഹി. പാഴ് വസ്തുക്കളായ പാള, തീപ്പെട്ടിക്കമ്പ്, ചിരട്ട, കുപ്പികൾ മുട്ടത്തോട്, മുളക്‌ഞെട്ട്, തേങ്ങാതൊപ്പി പിസ്തതോട്, മൺകുടങ്ങൾ, കുരുത്തോല, ഇലച്ചെടികൾ, മഞ്ചാടിക്കുരു, ജാതിപത്രി, ഉണങ്ങിയ ഇലകൾ, പാഴ്തുണികൾ, നൂൽ, പൂക്കൾ, തൂവലുകൾ, മുളംകമ്പ് എന്നിവ ആദിത്യയുടെ കൈകളിലെത്തിയാൽ ക്ഷണനേരം കൊണ്ട് അലങ്കാല വസ്തുകളായി മാറും.

കൊവിഡിന്റെ വ്യാപനത്തിൽ നിന്നും സുരക്ഷിതരാകാൻ സഹായിക്കുന്ന തുണിയിൽ തുന്നിയ മാസ്‌കുകൾ എസ്.എൻ.ഡി.പി കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശന് സൗജന്യമായി കൈമാറി. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബോട്ടണി വിദ്യാർത്ഥിനിയായ ആദിത്യ കോളേജിലെ എൻ.എസ്.എസ് വളണ്ടിയറും എസ്.എൻ.ഡി.പി കൊടകര യൂണിയൻ കുമാരി സംഘം സെക്രട്ടറിയുമാണ്.

പ്രകൃതി സൗഹൃത അലങ്കാല വസ്തു നിർമ്മാണ മേഖലയിൽ പരീക്ഷണം തുടരുകയാണ് ഈ കൊച്ചു കലാകാരി. ആദിത്യക്ക് എല്ലാ പിന്തുണയുമായി അച്ഛൻ രഘുവും മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ അമ്മ ഷൈജയും എട്ടാം ക്ലാസ് വിദ്യാർത്ഥിനി അനിയത്തി അനന്യയും ഒപ്പമുണ്ട്.