ചാലക്കുടി: കാർഷിക ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഈ രാജവീഥി ഇപ്പോൾ വിജനം. എങ്ങും നിശബ്ദത. കൊവിഡ് പ്രോട്ടോക്കോളിന്റെ ലക്ഷ്മണ രേഖയിൽ ഒതുങ്ങുന്ന മ്ലാനത. സുഖകരമായ വാഹന യാത്രയ്ക്ക് ജനങ്ങൾ തിരഞ്ഞെടുക്കുന്ന നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ട്രാംവെ റോഡ് അധികം വൈകാതെ പഴയ പ്രതാപത്തിലേക്കെത്തും.
അൽപ്പം ചരിത്രം
അഞ്ചു കിലോ മീറ്ററോളം ദൂരം വളവും ഒടിവുമില്ലാതെ നീളുന്നതാണ് ട്രാംവെ റോഡ്. ബ്രിട്ടനിലേക്ക് കേരളത്തിൽ നിന്നും തടികൾ കൊണ്ടുപോകുന്നതിന് രാജർഷി രാമവർമ്മ പതിനാലാമന്റെ കാലത്ത് 1907ൽ നിർമ്മിച്ച റെയിൽ സംവിധാനമായിരുന്നു ട്രാംവെ. രണ്ടാം ലോക മഹായുദ്ധകാലത്ത് മിക്ക രാജ്യങ്ങൾക്കും കേരളത്തിന്റെ ഏറ്റവും മേന്മയുള്ള തേക്കും വീട്ടിയും ആവശ്യമായി വന്നു.
പറമ്പിക്കുളം കാടുകളിൽ നിന്നും നൂറ് കിലോമീറ്റർ ദൈർഘ്യമുള്ള ചാലക്കുടിയിലേക്ക് വാഗൺ വഴി തടികൾ കൊണ്ടുവന്നതും പിന്നീടത് കൊച്ചി തുറമുഖത്തേക്ക് അടുപ്പിച്ചതുമെല്ലാം ട്രാംവെ വഴിയാണെന്നത് ചരിത്രം. യുദ്ധം അവസാനിച്ചതോടെ തടികൾക്ക് ആവശ്യക്കാർ കുറഞ്ഞതും ട്രാംവെയുടെ നിലനിൽപ്പിന് വെല്ലുവിളിയായി.
ടൂറിസം സാദ്ധ്യതകൾ
പ്രതിവർഷം 15 ലക്ഷം രൂപയുടെ നഷ്ടം സഹിച്ചു നീങ്ങിയ ട്രാംവെ നിറുത്തലാക്കിയത് 1963ൽ ആർ. ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, ട്രാംവെ ടൂറിസത്തിന്റെ ഭാഗമാക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജർമ്മനിയിൽ നിന്നെത്തിച്ച രണ്ടു ഡീസൽ എൻജിനുകൾ ഉൾപ്പെടെയെല്ലാം ഇന്ന് ക്ലാവ് പിടിക്കുന്ന ഓർമ്മകൾ.
ആനമല റോഡിന്റെ ഉദയവും ട്രാംവെയുടെ വേർപാടിന് കാരണമായി. ചില ശേഷിപ്പുകൾ ഇന്നും അവശേഷിക്കുന്നു. റെയിൽപ്പാതയെല്ലാം കൈയ്യേറിയും ഇല്ലാതായി. ഇപ്പോൾ നോക്കെത്താ ദൂരത്ത് നീണ്ടു കിടക്കുന്ന ഈ റോഡ് മാത്രം എല്ലാത്തിനും മൂഖസാക്ഷിയാകുന്നു. ട്രാംവെ നിലനിറുത്തുന്നതിന് താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടി ഏറെ പ്രക്ഷോഭം നടത്തിയ സംഭവങ്ങൾ മുൻ എം.എൽ.എ: എ.കെ. ചന്ദ്രൻ ഓർത്തെടുത്തു.
ട്രാംവെ നിലവിൽ വന്നതും തങ്ങളുടെ വീടിന്റെ മുറ്റത്തുകൂടി തീവണ്ടി ഓടിയതും ഇപ്പോഴും അയവിറക്കുകയാണ് നായരങ്ങാടിയിലെ 95 കാരി കുറുമ്പ. പാടത്തെ ജോലിയും തീവണ്ടിയുടെ കൂക്കി വിളിയും മങ്ങുന്ന സ്മരണകളാണ് പരേതനായ തോട്ടാപ്പിള്ളി ചാത്തന്റെ ഭാര്യ കുറുമ്പ അമ്മൂമയ്ക്ക്.