പാവറട്ടി: ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായി മത്സ്യ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ ജില്ലാ ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, ആരോഗ്യം എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായായിരുന്നു പരിശോധന. പഴകിയ മത്തി, വറ്റ, ചൂര എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഫുഡ് സേഫ്ടി ഓഫീസർമാരായ വി. അപർണ്ണ, പി.ആർ. രാജി, ഫിഷറീസ് സബ് ഇൻസ്പക്ടർ പി.എ. ഫാത്തിമ, ഹെൽത്ത് ഇൻസ്പക്ടർ വി.ജെ. ജോബി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.