ചേർപ്പ്: ലോക്ക് ഡൗൺ കാലത്ത് സി.എൻ.എൻ ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനികൾ വേറിട്ട പ്രവർത്തനത്തിൽ സജീവം. കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുക, സർഗാത്മക പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന പുസ്തക ചർച്ചയും വായനാക്കുറിപ്പ് മത്സരവുമാണ് ഇതിൽ ശ്രദ്ധേയം. വായനക്കൂട്ടം വാട്‌സ് ആപ് ഗ്രൂപ്പിൽ കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പുകൾ പങ്കു വയ്ക്കുകയാണ് ചെയ്യുന്നത്. ഈ കുറിപ്പുകളാണ് നാട്ടുപച്ച ഡിജിറ്റൽ മാഗസിനിൽ പ്രസിദ്ധീകരിച്ചു വരുന്നത്.

ഓരോ ദിവസവും ടാബ്ലോയ്ഡ് വലിപ്പത്തിലുള്ള ഓരോ മാഗസിൻ എന്ന രീതിയിൽ ആണ് കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിക്കുന്നത്. ലോക്ക് ഡൗൺ കാലാവധി അവസാനിക്കും വരെ എല്ലാ ദിവസവും ഈ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കാനാണ് തീരുമാനം. സ്‌കൂളിൽ നാല് വർഷമായി നടക്കുന്ന വായനക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം വായനാക്കൂട്ടത്തിലെ കുട്ടികൾ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പുസ്തക ചർച്ചയും ആനുകാലികങ്ങളിലെ കഥാചർച്ചയും നടത്തി വരുന്നു.

പ്രശസ്ത സാഹിത്യകാരൻ സേതുവിന്റെ പിറകോട്ടു നടന്ന് നടന്ന് എന്ന കഥയാണ് ലോക്ക് ഡൗൺ കാലത്ത് വായനാക്കൂട്ടത്തിലെ കുട്ടികൾ ആദ്യമായി ചർച്ചയ്‌ക്കെടുത്തത്. ഈ കഥയുടെ വായനാക്കുറിപ്പ് മത്സരവും നടത്തുകയുണ്ടായി. സമ്മാനാർഹമായത് ഉൾപ്പെടെ മികച്ച രചനകൾ ഉൾപ്പെടുത്തി നാട്ടുപച്ച മാഗസിന്റെ പ്രത്യേക പതിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.