വടക്കേക്കാട്: വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോയോളം വരുന്ന രാമച്ചക്കെട്ടുകൾ കത്തി നശിച്ചു. അണ്ടത്തോട് തങ്ങൾപടി സ്വദേശി കറുത്തേടത്ത് മോഹനന്റെ ഉടമസ്ഥതയിലുള്ള മുന്നൂറിലധികം രാമച്ചക്കെട്ടുകളാണ് ഇന്നലെ വൈകീട്ട് കത്തിയ നിലയിൽ കണ്ടത്. 13 ലക്ഷം രൂപയുടെ രാമച്ചം കത്തിനശിച്ചതായി പറയുന്നു. മോഹനന്റെ ആൾത്താമസമില്ലാത്ത തറവാട് വീട്ടിലാണ് രാമച്ചം സൂക്ഷിച്ചിരുന്നത്. വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. വീടിന് പിറകിൽ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് തീ കത്തുന്നത് ആദ്യം കണ്ടത്. തുടർന്ന് തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന മോഹനനെയും നാട്ടുകാരെയും വിവരം അറിയിച്ചു. പൊന്നാനിയിൽ നിന്നും രണ്ട് യൂണിറ്റും ഗുരുവായൂരിൽ നിന്ന് ഒരു ഫയർ യൂണിറ്റും സ്ഥലത്തെത്തി തീയണച്ചു. പ്രദേശത്ത് ഒന്നര മാസങ്ങൾക്ക് മുമ്പ് പെരിയമ്പലം ബീച്ചിൽ കൈപ്പട അജയന്റെ വീട്ടുപറമ്പിൽ സൂക്ഷിച്ചിരുന്ന രാമച്ചം കത്തിനശിച്ചിരുന്നു. പൊന്നാനി ഫയർ സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാർ, ഓഫീസർമാരായ സാബു, ഷെഫീഖ്, പ്രഭു ലാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്. വടക്കേക്കാട് എസ്.ഐമാരായ പ്രദീപ് കുമാർ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.