ചാലക്കുടി: മനോജിന്റെ കരവിരുത് ചാലക്കുടി ഫയർ സ്റ്റേഷന്റെ അലങ്കാരങ്ങൾക്ക് മുതൽക്കൂട്ടാകുന്നു. സ്റ്റേഷനിലെ ബോർഡ് എഴുത്ത്, സൂചനാ ബോർഡുകൾ ഒരുക്കൽ തുടങ്ങിയവ ഇപ്പോൾ കൊല്ലം പുനലൂർ സ്വദേശി കെ. മനോജിന്റെ ദൗത്യങ്ങളിൽ ഉൾപ്പെടും. ഫയർ ഓഫീസറായി മനോജിന്റെ ആദ്യ നിയമനം ചാലക്കുടി സ്റ്റേഷനിലായിരുന്നു.
അടിസ്ഥാന പരിശീലന കേന്ദ്രമായ വിയ്യൂർ ഫയർ അക്കാഡമി, സ്റ്റേഷൻ പരിശീലനത്തിനെത്തിയ കോട്ടയം എന്നിവിടങ്ങിലും മനോജ്, തന്റെ കലാവിരുതുകൾ പ്രകടിപ്പിച്ചിരുന്നു. കോട്ടയം ഫയർ സ്റ്റേഷന്റെ പ്രധാന ബോർഡുകൾ നയന മനോഹരമാക്കിയതും മറ്റാരുമല്ല. ചാലക്കുടിയിലും പഴകിയ ബോർഡുകൾ മാറ്റി സ്ഥാപിച്ചു. ഇപ്പോൾ സൗത്ത് ജംഗ്ഷനിലെ മേൽപ്പാലത്തിന്റെ തൂണിലാണ് ഇതാദ്യമായി ഫയർ സ്റ്റേഷനെ സൂചിപ്പിക്കുന്ന അക്ഷരങ്ങൾക്ക് ഇയാൾ നിറം ചാർത്തുന്നത്. ഒപ്പം പൊലീസ് സ്റ്റേഷന്റെ പേരും സ്ഥാനം പിടിച്ചിരിക്കുന്നു.
മനോജിന് പ്രചോദനമാകുന്നത് സ്റ്റേഷൻ ഓഫീസർ സി.ഒ. ജോയിടുടെ പ്രോത്സാഹനമാണ്. ഇക്കാര്യം മനോജ് സന്തോഷത്തോടെ പറയുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ഫയർ സ്റ്റേഷനുകളിലും മരുന്നുകൾ ലഭ്യമാണ്. ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് മരുന്നുകൾ ആവശ്യമെങ്കിൽ സ്റ്റേഷൻ കണ്ടുപിടിക്കുന്നതിന് സഹായകരമാകുന്നതിനാണ് പേരുകൾ പ്രദർശിപ്പിക്കുന്നതെന്ന് ഓഫീസർ സി.ഒ.ജോയ് പറഞ്ഞു. പഠന കാലത്ത് തുടങ്ങിയതാണ് മനോജിന്റെ കലാവാസന. ഉത്തരവാദിത്വം ഏറിയ സർവ്വീസ് ആയിരിന്നിട്ടും സമയം കിട്ടുമ്പോഴെല്ലാം തന്റെ കലാവിരുതകളെ പൊടിതട്ടിയെടുക്കാൻ ഈ യുവാവ് നന്നേ ശ്രമിക്കുകയാണ്.