തൃശൂർ : ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ജനം കൂട്ടത്തോടെ നിരത്തിലിറങ്ങി. പലസ്ഥലങ്ങളിലും ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിച്ചു. ഇളവുകൾ നൽകിയ കടകൾക്കൊപ്പം ജില്ലയുടെ പല ഭാഗങ്ങളിലും മറ്റ് കടകളും തുറന്നു. പാലിയേക്കര ടോൾ പ്ലാസയിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഇതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടോൾ പിരിവ് നിറുത്തണമെന്നാവശ്യപ്പെട്ട് ടോൾ പ്ലാസയിൽ സമരത്തിനിറങ്ങിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് താത്കാലികമായി ടോൾ പിരിവ് നിറുത്തി. നഗരത്തേക്കാൾ ഉപരി ഗ്രാമപ്രദേശങ്ങളിലാണ് തിരക്ക് അനുഭവപ്പെട്ടത്. നഗരത്തിൽ പൊലീസ് ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചെങ്കിലും പരിശോധനയുടെ ഭാഗമായി നീണ്ട നിര പ്രത്യക്ഷപ്പെട്ടു. രാവിലെ പത്ത് വരെയാണ് തിരക്ക് കൂടുതലായി അനുഭവപ്പെട്ടത്. സർക്കാർ ഓഫീസുകളിൽ കാര്യമായ ഹാജർ ഉണ്ടായില്ല.

ഇരട്ട അക്ക നമ്പറുകാരും ഇറങ്ങി

ഒറ്റ അക്ക നമ്പറുകൾക്കാണ് നിരത്തുകളിൽ ഇറങ്ങാൻ അനുമതി നൽകിയത്. എന്നാൽ ഇരട്ട അക്ക നമ്പറുകാരും ഇറങ്ങിയതോടെ പൊലീസിന് പിടിപ്പത് പണിയായി. ഇത്തരക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഉച്ചവരെ നഗരത്തിൽ മാത്രം മുപ്പതോളം പേർക്കെതിരെ കേസെടുത്തു.

കടകൾ അടപ്പിച്ചു

നഗരത്തിലടക്കം ഹോട്ടലുകൾ, ബാർബർ ഷോപ്പുകൾ, വർക്ക് ഷോപ്പുകൾ എന്നിവ തുറന്നു. നഗരത്തിൽ ഹോട്ടലുകളിൽ ചിലത് ഇരുത്തി ഭക്ഷണം കൊടുക്കാനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു. അവശ്യ സർവീസിൽ ഉൾപ്പെടാത്ത പല കടകളും തുറന്നെങ്കിലും പൊലീസ് അടപ്പിച്ചു. ഇന്ത്യൻ കോഫി ഹൗസ് ഇന്ന് മുതൽ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നിയന്ത്രണം വന്നതോടെ തുറക്കാനായില്ല.

ഓട്ടോകൾ സ്റ്റാൻഡിലെത്തി

പൊതുഗതാഗതത്തിന് അനുമതി ഇല്ലാതിരുന്നിട്ടും ഉൾപ്രദേശങ്ങളിൽ ഓട്ടോകൾ സ്റ്റാൻഡുകളിൽ സ്ഥാനം പിടിച്ചു. എന്നാൽ പിന്നീട് പൊലീസ് എത്തി ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു.

നിർമ്മാണ മേഖല ഉണർന്നു

സിമന്റ്, കമ്പി, കരിങ്കല്ല് എന്നിവയുടെ ലഭ്യത കുറവുണ്ടെങ്കിലും നിർമ്മാണ മേഖലയിലും ഇന്നലെ പ്രവർത്തനം ആരംഭിച്ചു. എന്നാൽ സർക്കാർ നിർദ്ദേശ പ്രകാരമുള്ള നിബന്ധനകൾ പാലിക്കാതെയാണ് ഇവർ പണിയെടുക്കുന്നതെന്ന ആക്ഷേപം ഉണ്ട്. അന്യസംസ്ഥാന തൊഴിലാളികളും ജോലിക്കിറങ്ങി.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത്

ഇളവുകളുടെ മറവിൽ നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്ത് സഞ്ചരിച്ചാൽ ഇനി മുതൽ കേസെടുക്കും.

വി.കെ രാജു
എ.സി.പി തൃശൂർ