തൃശൂർ: കൊറോണ വ്യാപനഭീതിയുടെ കാലത്തും വീട്ടിനകത്ത് അടങ്ങിയിരിക്കുകയല്ല ജില്ലയിലെ സർവീസ് പെൻഷൻ സംഘടനാ അംഗങ്ങൾ. വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും രോഗാരിഷ്ടതകൾ വേട്ടയാടുമ്പോഴും സഹജീവികളോടുള്ള കടമ വിസ്മരിക്കാനാകാതെ സേവനരംഗത്ത് സജീവമാണ് ഈ വയോധികർ.

ലോക്ക് ഡൗൺ കാലത്ത് വിശക്കുന്നവരെ ഊട്ടാൻ സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സമൂഹ അടുക്കളകളുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് പെൻഷൻ സംഘടനയായ കെ.എസ്.എസ്.പി.യു. സമൂഹ അടുക്കളയിലേക്ക് ആവശ്യമായ അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, സാനിറ്റൈസറുകൾ, മാസ്‌കുകൾ എന്നിവയൊക്കെ സംഘടിപ്പിച്ചു കൊടുക്കുന്ന പ്രവൃത്തികളിൽ യുവാക്കളെ വെല്ലുന്ന പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്.


ജില്ലയിലെ ചാവക്കാട്, പഴയന്നൂർ, ഇരിങ്ങാലക്കുട ടൗൺ, തൃശൂർ ഈസ്റ്റ് എന്നീ ബ്ലോക്ക് കമ്മിറ്റികളും
ഒല്ലൂർ, പാഞ്ഞാൾ, അവന്നൂർ സൗത്ത്, ഏറിയാട്, നെന്മണിക്കര, വെള്ളാങ്ങല്ലൂർ, പടിയൂർ, പുതുക്കാട്, മുരിയാട്, കാറളം, പഴയന്നൂർ, കൊടകര, വേളൂക്കര, വടക്കേക്കാട് എന്നീ യൂണിറ്റുകളും തങ്ങളുടെ പഞ്ചായത്ത് അതിർത്തിയിലുള്ള സമൂഹ അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ സംഭാവനയായി നൽകിക്കഴിഞ്ഞു.