കൊടുങ്ങലൂർ: നഗരസഭയിലെ എല്ലാ വീടുകളിലും മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ നിർബന്ധമാക്കുകയാണെന്ന് നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു. ഇത് സ്ഥാപനങ്ങൾക്കും ബാധകമാണെന്നും ഈ നിയമം കർശനമായി നടപ്പിലാക്കുമെന്നും ചെയർമാൻ പറഞ്ഞു. വീടുകളിൽ ഉണ്ടാകുന്ന ജൈവ മാലിന്യം വീടുകളിൽ തന്നെ സംസ്ക്കരിക്കണം. അതിനാവശ്യമായ ബയോ ഡൈജസ്റ്റർ പോട്ടുകൾ 155 രൂപയ്ക്ക് ഗുണഭോക്താവിന് നൽകും. ഈ ഉപകരണത്തിൻ്റെ 90 ശതമാനം സബ്സിഡി തുകയായ 1,395 രൂപ നഗരസഭ നൽകും. ബയോഗ്യാസ് പ്ലാൻ്റുകൾ 1350 രൂപയ്ക്ക് നൽകും. 12,150 രൂപ സബ്സിഡി ലഭിക്കും.
ഇവയിലേതെങ്കിലും ഒരെണ്ണം എല്ലാ വീടുകളിലും നിർബന്ധമായി വയ്ക്കണം. ആവശ്യമുള്ളവർ വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടുകയോ ആരോഗ്യ വിഭാഗത്തിൽ ബന്ധപ്പെട്ട് അപേക്ഷ പൂരിപ്പിച്ച് പണമടയ്ക്കുകയോ ചെയ്യണം. അജൈവ മാലിന്യം വീടുകളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിച്ചു തുടങ്ങിയതായും ചെയർമാൻ അറിയിച്ചു. മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി എല്ലാ വീടുകളും പരിസരവും ശുചീകരിക്കണം. ഒരു കാരണവശാലും മാലിന്യം വലിച്ചെറിയാനോ പൊതുസ്ഥലങ്ങളിൽ ഇടുവാനോ പാടില്ലെന്നും ചെയർമാൻ തുടർന്ന് പറഞ്ഞു.