ചാലക്കുടി: കൊരട്ടിയിൽ വീട്ടമ്മയെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ചിരുന്ന പൊതു പ്രവർത്തകൻ അറസ്റ്റിൽ. കിഴക്കെ അങ്ങാടിയിൽ കവലക്കാട്ട് വീട്ടിൽ ഷൈജു പോളിനെയാണ് (46) കൊരട്ടി സി.ഐ ബി.കെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പഞ്ചായത്തിലെ നാൽപ്പതുകാരിയായ വീട്ടമ്മയാണ് പരാതിക്കാരി. വീഡിയോ ചാറ്റിംഗിലൂടെ പരിചയപ്പെട്ട തന്നെ ഒരു വർഷം മുമ്പാണ് ഷൈജു ആദ്യമായി പീഡിപ്പിച്ചതെന്ന് വീട്ടമ്മ പരാതിയിൽ പറഞ്ഞു.
കൊരട്ടി ജംഗ്ഷനിൽ കണ്ടുമുട്ടിയപ്പോൾ ചായ കുടിക്കുന്നതിന് ക്ഷണിച്ചാണ് കുടുക്കിയത്. ഒരു ലോഡ്ജിലെ മുറിയിലെത്തിച്ച് പീഡിപ്പിച്ചു. പിന്നീട് നഗ്‌ന ചിത്രങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. മൂന്നു പവന്റെ പാദസരം വാങ്ങി പണയപ്പെടുത്തിയിട്ടുണ്ട്. അങ്കമാലി, ആലുവ എന്നിവിടങ്ങളിലേയ്ക്കും വിളിച്ചു വരുത്തി പീഡിപ്പിച്ചു. വിവിധ കേന്ദ്രങ്ങളായിരുന്നു ഇതിനായി തെരഞ്ഞെടുത്തത്. സഹികെട്ടപ്പോൾ ഭർത്താവിനോട് വിവരം പറയുകയും പരാതി നൽകുകയുമായിരുന്നുവെന്നാണ് വീട്ടമ്മയുടെ മൊഴി.