ചാലക്കുടി: വാൽപ്പാറയിലെ പ്രസവം കഴിഞ്ഞ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട് അതിർത്തിയായ മലക്കപ്പാറയിൽ തുടരുന്ന ജാഗ്രത അതിശക്തമാക്കി. തമിഴ്‌നാട്ടിൽ നിന്നും ഒരു വാഹനങ്ങളെയും കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. മലക്കപ്പാറയിലേക്ക് ആവശ്യമുള്ള പലവ്യഞ്ജനം പച്ചക്കറി എന്നിവയുടെ ശേഖരം ചാലക്കുടിയിലേക്ക് മാറ്റി.
നേരത്തെ അവശ്യസാധനങ്ങൾ വാൽപ്പാറയിൽ നിന്നാണ് എത്തിച്ചിരുന്നത്. വനംവകുപ്പിനെ കൂടാതെ പൊലീസും മലപ്പാറയിൽ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിച്ചുണ്ട്. കാട്ടിൽ കൂടി രഹസ്യമായി അതിർത്തി കടക്കുന്ന വഴികളും പൊലീസ് അടച്ചു. ഇവിടങ്ങളിൽ വനപാലകരും ആശാ വർക്കർമാരും കാവലുണ്ട്. വാൽപ്പാറയിലെ പ്രസവം കഴിഞ്ഞ യുവതിക്കും കുഞ്ഞിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രസവം നടന്ന പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ യുവതിയെ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും പൊള്ളാച്ചി ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയയാക്കിയത്. ഇതോടെ ഇവരുടെ വീട്ടിലുള്ള ഒമ്പതു പേരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
യുവതിയെ ആശുപത്രിയിൽ സന്ദർശിച്ച അമ്പതോളം പേരും അവരുടെ വീട്ടുകാരും നിരീക്ഷണത്തിലാണ്. എല്ലാവരുടെയും റൂട്ട് മാപ്പ് തയ്യാറാക്കിയ വാൽപ്പാറ ആരോഗ്യ വകുപ്പ്, നഗരം അടുച്ചുകെട്ടുകയും ചെയ്തു. ജനങ്ങളെ പുറത്തിറക്കാൻ അനുവദിക്കുന്നുമില്ല. ഇവിടെ നിന്നും ആരും കേരള അതിർത്തിയായ മലക്കപ്പാറയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് വ്യക്തമായി.