പുതുക്കാട്: രോഗ വ്യാപന സാദ്ധ്യത നിലനിൽക്കെ ദേശീയപാത പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചു. ഞായറാഴ്ച അർദ്ധരാത്രി പിന്നിട്ടപ്പോൾ ടോൾ പിരിവ് പുനരാരംഭിച്ചു. ഇന്നലെ രാവിലെ 9.30 ഓടെ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി ടോൾ പിരിവ് തടഞ്ഞു. പ്രതിഷേധക്കാരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ ടോൾ പിരിവ് താത്കാലികമായി നിറുത്തി.
11.45ന് ടോൾ പിരിവ് വീണ്ടും ആരംഭിച്ചു. പിരിവ് ആരംഭിച്ചത് അറിഞ്ഞ് സ്ഥലത്തെത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർ ടോൾ പിരിവ് തടസപ്പെടുത്തി ടോൾ പ്ലാസ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ച് പിരിഞ്ഞു. ടോൾ പിരിവ് തടസമില്ലാതെ തുടരുന്നു. വാഹനങ്ങൾ കുറവായതിനാൽ ടോൾ പ്ലാസയിൽ തിരക്ക് അനുഭവപ്പെടുന്നില്ല.
അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളാണ് ടോൾ പ്ലാസ വഴി കൂടുതൽ കടന്നു പോകുന്നത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും പണവും കാർഡും വാങ്ങുന്നതിനാൽ രോഗ വ്യാപന സാദ്ധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ.