കൊടുങ്ങല്ലൂർ: ലോക്ക് ഡൗണിനെ തുടർന്ന് ഉണ്ടാകാൻ ഇടയുള്ള ഭക്ഷ്യ പ്രതിസന്ധിയെയും വിലക്കയറ്റത്തെയും പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് വിപുലമായ പച്ചക്കറി കൃഷി ആരംഭിക്കാനും ഇതിന്റെ ഭാഗമായി സി.പി.എം കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 5000 ജൈവ പച്ചക്കറി തോട്ടങ്ങൾ ഒരുക്കാനും പദ്ധതി. ലോക ഭൗമദിനത്തിൻ്റെ സന്ദേശം കൂടി നാടാകെ പ്രചരിപ്പിച്ചു കൊണ്ടാകും ജൈവ പച്ചക്കറി തോട്ടങ്ങൾ ഒരുക്കുക. കൃഷിക്കാവശ്യമായ പച്ചക്കറിത്തൈകൾ തയ്യാറായി കഴിഞ്ഞു. ആവശ്യമായ നിർദ്ദേശങ്ങൾ കർഷകർക്ക് നൽകും. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് വിപുലമായ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നതെന്ന് ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ വ്യക്തമാക്കി.