ചേർപ്പ്: മിന്നും പൊന്നിൽ പരമ്പരാഗത ആഭരണങ്ങൾ നിർമ്മിക്കാൻ കഴിവുണ്ടായിരുന്ന അപൂർവം സ്ത്രീ തൊഴിലാളികളിൽ ഒരാൾ. സ്വർണ്ണാഭരണ നിർമ്മാണത്തിന് ലൈസൻസ് വേണ്ട കാലഘട്ടത്തിൽ ആ ലൈസൻസും സ്വന്തമാക്കിയ ആൾ. അപൂർവതകൾ നിറഞ്ഞ ജീവിതമായിരുന്നു ഇന്നലെ അന്തരിച്ച ചാത്തക്കുടത്ത് വീട്ടിൽ മാലതിയുടേത് (86). വല്ലച്ചിറ ഗ്രാമത്തിന്റെ പരമ്പരാഗത സ്വർണാഭരണ പെരുമയിലെ അപൂർവ്വമായ കണ്ണികളിൽ ഒരാളായിരുന്നു മാലതി. സ്വർണ്ണാഭരണ നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ച കുടുംബത്തിൽ,​ സഹോദരനിൽ നിന്നാണ് ചെറുപ്പത്തിലേ ഈ തൊഴിൽ മാലതി സ്വായത്തമാക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മുല്ലമൊട്ട് മാല, കാശി മാല, പാലയ്ക്കാ മാല എന്നീ പരമ്പരാഗത പണിത്തരങ്ങളിൽ മിടുക്ക് കാട്ടി. വല്ലച്ചിറ ചാത്തക്കുടത്ത് വീട്ടിൽ സ്വർണാഭരണ തൊഴിലാളിയായിരുന്ന പാപ്പുവിന്റെയും, നാണിയുടെയും ഇളയ മകളായിരുന്നു അവിവാഹിതയായിരുന്ന മാലതി. പിതാവിനും ജ്യേഷ്ഠൻമാർക്കും ഒപ്പം ആഭരണ നിർമ്മാണ ജോലികൾ നടത്തി പോന്നിരുന്ന മാലതി പത്ത് വർഷത്തിലേറെയായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ആഭരണ നിർമ്മാണ ജോലികളിൽ നിന്ന് വിട്ടു നിൽക്കുന്നതിനൊടുവിലാണ് കഴിഞ്ഞ ദിവസം വിയോഗം സംഭവിച്ചത്.