വടക്കാഞ്ചേരി: അന്യസംസ്ഥാന തൊഴിലാളികളുടെ അന്നംമുട്ടുമെന്ന അവസ്ഥയായപ്പോൾ ജില്ലാ ലേബർ ഓഫീസർ ഇടപെട്ട് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്ന അഖിലേന്ത്യ പൂരം പ്രദർശനത്തിന്റെ പവലിയനുകളുടെ നിർമ്മാണ പ്രവർത്തനവുമായി കഴിഞ്ഞ ജനുവരിയിലാണ് ഇവർ വടക്കാഞ്ചേരിയിൽ എത്തിയത്.
നിർമ്മാണ പ്രവൃത്തികൾ കരാർ ഏറ്റെടുത്തയാൾ കൊവിഡ് ലോക്ക് ഡൗണിനിടെ ചെന്നൈയിൽ കുടുങ്ങി. ഇതോടെ ഇവരുടെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടു പോകാത്ത അവസ്ഥയായി. ഇതിനിടെയാണ് ജില്ലാ ലേബർ ഓഫീസർ ഇടപെട്ട് ഇവർക്ക് ഭക്ഷ്യ കിറ്റുകൾ നൽകാനും, വേണ്ട സൗകര്യം ഒരുക്കാനും നിർദേശിച്ചത്.
കുന്നംകുളം അസി: ലേബർ ഓഫീസർ വി.ബി. റഫീക്, സർക്കാരിന്റെ സന്നദ്ധ വളണ്ടിയർമാരായ മനോജ് കെ. ദിനേശ് എങ്കക്കാട് എന്നിവർ ചേർന്നാണ് ഇവർക്കാവശ്യമായ ഭക്ഷ്യകിറ്റുകൾ എത്തിച്ചത്. വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഷീറ്റ് മേഞ്ഞ കൂരയിലാണ് ഇവർ താമസിക്കുന്നത്.