ചാലക്കുടി: ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ച ഹോട്ട് സ്പോട്ടിൽ നിന്നും ചാലക്കുടി നഗരസഭയെ ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു. ഇന്നലെ രാത്രി വൈകിയായിരുന്നു തീരുമാനം. പുതുതായി കോടശ്ശേരി പഞ്ചായത്തിനെ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. കൊവിഡ് നെഗറ്റീവായ വിദ്യാർത്ഥി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ഇതു കണക്കിലൈടുത്താണ് തീരുമാനം.
തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടെന്ന ധാരണയിൽ പുറത്തിറങ്ങിയ ജനങ്ങൾ അക്ഷരാർത്ഥത്തിൽ നട്ടം തിരിഞ്ഞു. നഗരത്തിൽ നിന്നും പൊലീസ് പിക്കറ്റുകൾ പഞ്ചായത്ത് അതിർത്തിയിലേക്ക് മാറ്റി സ്ഥാപിച്ചതും നാട്ടുകാരിൽ വലിയ ആശങ്കയുണ്ടാക്കി. ഇതോടെ ചാലക്കുടിയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചെന്ന കിംവദന്തികളും പരന്നു.
സോഷ്യൽ മീഡിയ പ്രചരണവും സംശയങ്ങൾക്ക് ആക്കംകൂട്ടി. വാൽപ്പാറയിൽ കൊവിഡ് സ്ഥിരീകരിച്ച ഒരു ഗർഭിണി ചാലക്കുടിയിൽ എത്തിയെന്നായിരുന്നു പ്രചരണം. നഗരസഭാ അതിർത്തികളിൽ അനാവശ്യ യാത്രക്കാരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഇളവുകൾ പ്രതീക്ഷിച്ച് പുറത്തിറങ്ങിയ നൂറുകണക്കിനു ആളുകളാണ് ഇത്തരത്തിൽ കുടുങ്ങിയത്. രേഖകൾ സഹിതം യാത്ര ചെയ്തവരെ മാത്രമെ പൊലീസ് നഗരത്തിൽ പ്രവേശിപ്പിച്ചുള്ളു.
ലോക് ഡൗൺ നിയന്തണം തുടരുന്ന പശ്ചാത്തലത്തിൽ മുനിസിപ്പൽ പ്രദേശത്ത് നഗരസഭ മൈക്ക് പ്രചരണം നടത്തി. വാൽപ്പാറയിലെ പ്രസവം കഴിഞ്ഞ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മലക്കപ്പാറയിലെ നിയന്ത്രം നിയന്ത്രണം പൊലീസ് ശക്തമാക്കി. പലവ്യഞ്ജനം, തേയില തുടങ്ങിയവയുമായി വരുന്ന വാഹനങ്ങളെയും കഴിഞ്ഞ ദിവസം മുതൽ കേരളത്തിലേക്ക് കടത്തുന്നില്ല.