തൃശൂർ: ലോക്ക് ഡൗൺ കാലത്ത് കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുളളവർ മൊബൈലും കമ്പ്യൂട്ടറും ടെലിവിഷനുമായി ഏറെ സമയം ചെലവിടുമ്പോൾ കണ്ണുകൾക്കുളള രോഗസാദ്ധ്യത പതിന്മടങ്ങാകുമെന്ന് നേത്രചികിത്സാ വിദഗ്ദ്ധർ. വിനോദത്തിനായും ജോലിയുടെ ഭാഗമായും ഇവ ദീർഘനേരം ഉപയോഗിക്കുമ്പോൾ കണ്ണുകളെ സാരമായി ബാധിക്കാതിരിക്കാനുള്ള പോംവഴികളും നിർദ്ദേശിക്കുകയാണ് ഡോക്ടർമാർ. കുട്ടികളുടെ മൊബൈൽ ഉപയോഗം കണ്ണുകൾക്കു മാത്രമല്ല മറ്റ് ശാരീരിക, മാനസിക അസ്വാസ്ഥ്യങ്ങൾക്കും വഴിവെയ്ക്കുമെന്നും വിദഗ്ദ്ധരുടെ മുന്നറിയിപ്പുകളുണ്ടായിരുന്നു.
ശ്രദ്ധിക്കാൻ:
കമ്പ്യൂട്ടർ സ്‌ക്രീനിനും കണ്ണിനും ഇടയിലുള്ള ദൂരം 50 സെ.മീ വേണം
പ്രകാശം ഇല്ലാത്ത മുറിയിൽ ഇരുന്ന് സ്‌ക്രീനുകളിലേക്കു നോക്കരുത്
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഉപയോഗിക്കാതിരിക്കുക
ഭാരതീയ ചികിത്സാവകുപ്പ് നിർദ്ദേശിക്കുന്ന
വ്യായാമങ്ങൾ
#പാമിംഗ്:
ഇരുകൈകളുടെയും ഉൾവശം തിരുമ്മി കണ്ണിനു മുകളിലായി അധികം മർദ്ദം ഏൽപ്പിക്കാതെ
30 സെക്കൻഡ് വയ്ക്കുക.
#ബ്ലിങ്കിംഗ് :
കണ്ണ് 10 സെക്കൻഡ് മുറുക്കി അടയ്ക്കുക. 20 തവണ തുടർച്ചയായി ചെയ്യണം.
തുടർച്ചയായി കമ്പ്യൂട്ടർ, മൊബൈൽ ഉപയോഗിക്കുന്നവർ ഒരു മണിക്കൂർ കൂടുമ്പോൾ രണ്ട് വ്യായാമങ്ങളും ചെയ്യണം.
#അകലെയും അടുത്തും കാഴ്ച കേന്ദ്രീകരിക്കൽ
നിവർത്തിപ്പിടിച്ച തള്ളവിരലിലെ അറ്റത്തേക്ക് സൂക്ഷിച്ചു നോക്കുക. കണ്ണിന് അടുത്തേക്ക് കൈ കൊണ്ടുവരുക. നോട്ടം മാറ്റരുത്. ബാൽക്കണി അല്ലെങ്കിൽ ജനാലയിലൂടെ ദൂരെ കാണുന്ന വസ്തുവിൽ 10 സെക്കൻഡ് നോക്കുക. ഉടനെ ഏറ്റവും അടുത്തുള്ള വസ്തുവിലേക്ക് നോക്കുക. 10 തവണ തുടർച്ചയായി ചെയ്യാം.
#നേത്രഗോള ചലനക്രിയകൾ
എല്ലാ വശങ്ങളിലേക്കും കണ്ണ് ചലിപ്പിക്കുക ഘടികാര ദിശയിലും വിപരീതദിശയിലും നേത്രഗോളം കറക്കുക. ഓരോ ചലനങ്ങളും പത്തു തവണ ആവർത്തിക്കുക. ഈ വ്യായാമങ്ങളും ദിവസത്തിൽ രണ്ടുതവണ ചെയ്യാം.
പ്രതിരോധിക്കാം:
ദിവസവും തല കുളിക്കുക, തലയിൽ എണ്ണ തേയ്ക്കുക എന്നിവ കണ്ണിന്റെ ആരോഗ്യത്തിനും വരൾച്ച ഒഴിവാക്കാനും നല്ലതാണ്, പ്രത്യേകിച്ച് ചൂടുകാലത്ത്. കൊത്തമല്ലി, ഉണക്കമുന്തിരി, നന്ത്യാർവട്ട പൂവ് എന്നിവ ഓരോ പിടി ചതച്ച് കിഴികെട്ടി 4 ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. തണുത്തതിനു ശേഷം ഈ വെള്ളം കണ്ണിൽ ധാര ചെയ്യുക. ഇത് കണ്ണിന്റെ സ്വാഭാവികമായ പ്രസന്നത നിലനിറുത്തും. തണുപ്പ് ഉണ്ടാക്കും. പഴവർഗങ്ങൾ ധാരാളം ഉപയോഗിക്കാം.
വ്യായാമം ചെയ്യുന്ന വിധം ഈ ലിങ്കിൽ:
https://youtu.be/OLd2_bbbgqI
''വീടുകളിൽ കൂടുതൽ സമയം ചെലവിടുന്നതുകാെണ്ടു തന്നെ സ്വാഭാവികമായും മൊബൈലിന്റേയും കമ്പ്യൂട്ടറിന്റേയും ഉപയോഗം കൂടും. മുൻകരുതലോടെ ഇതെല്ലാം ഉപയോഗിച്ചില്ലെങ്കിൽ നേത്രസംബന്ധമായ രോഗങ്ങൾ കൂടും ''
ഡോ.പി.കെ.നേത്രദാസ്, നേത്രചികിത്സാവിഭാഗം, ജില്ലാ ആയുർവേദ ആശുപത്രി