തൃശൂർ: ജില്ലയിൽ ഇനി ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം ഒന്നു മാത്രം. നേരത്തെ ചാലക്കുടി മുനിസിപ്പാലിറ്റി, മതിലകം, വള്ളത്തോൾ നഗർ പഞ്ചായത്തുകൾ എന്നിങ്ങനെയായിരുന്നു ഹോട്ട്‌സ്‌പോട്ടുകളായി സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രഖ്യാപിച്ചതെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിലാണ് കോടശേരി പഞ്ചായത്തിനെ മാത്രം ഉൾപ്പെടുത്തി ഹോട്ട് സ്‌പോട്ട് ലിസ്റ്റ് പ്രഖ്യാപിച്ചത്.

ഇത് പ്രകാരം കർശന നിയന്ത്രണം ആയിരിക്കും ഇവിടെ ഏർപ്പെടുത്തുക. കോടശേരി പഞ്ചായത്തിൽ നാലുപേർക്കാണ് കൊറോണ വൈറസ് കണ്ടെത്തിയിരുന്നത്. ഇവരെല്ലാം രോഗം ഭേദമായി വീടുകളിലേക്ക് പോയെങ്കിലും ഇവരുമായി സമ്പർക്കം ഉണ്ടായിരുന്നവർക്ക് രോഗം വരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്‌തെങ്കിലും സ്ഥലങ്ങളിൽ നിയന്ത്രണം കർശനമായി നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്.