തൃശൂർ: നൂലാമാലകൾ ഏറെ, കൊവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മറികടക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ അംഗങ്ങൾക്ക് പ്രഖ്യാപിച്ച വായ്പ സ്വീകരിക്കുന്നതിൽ അംഗങ്ങൾക്ക് വിമുഖത. അപേക്ഷകരുടെ എണ്ണം കൂടിയതോടെ വായ്പാത്തുക കുറഞ്ഞതാണ് പല സംഘങ്ങളും വായ്പ വാങ്ങുന്നതിന് മടി കാണിക്കുന്നത്.
ഒരാൾക്ക് 20,000 രൂപ വരെ വായ്പ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജില്ലയ്ക്ക് അനുവദിച്ച തുക പ്രകാരം ഒരോരുത്തർക്കും അയ്യായിരം രൂപ വരെ മാത്രമേ ലഭിക്കാൻ സാദ്ധ്യതയുള്ളു. ഇതിനും ഏറെ നടപടിക്രമങ്ങളുണ്ട്. ഓരോ അംഗങ്ങളും വ്യക്തിഗത വിവരങ്ങൾ തയ്യാറാക്കി ബാങ്കുകൾക്ക് നൽകിയാൽ മാത്രമേ വായ്പ അനുവദിക്കു.
മൂന്നൂ ലക്ഷത്തിലധികം പേരാണ് വായ്പയ്ക്കായി ജില്ലയിൽ അപേക്ഷ നൽകിയത്. അപേക്ഷിച്ചവർ പരമാവധി തുക അനുവദിക്കണമെന്ന് ബാങ്കുകൾക്ക് നൽകിയ സത്യവാങ് മൂലത്തിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ലഭിക്കാനിടയില്ല. അപേക്ഷ നൽകാനുള്ള സമയം ജൂൺ 30 വരെ ഉണ്ടെങ്കിലും എപ്രിൽ 22 നകം അപേക്ഷ കുടുംബശ്രീ എ.ഡി.എസുകൾ വഴി ബാങ്കുകളിൽ എത്തിക്കാനാണ് ജില്ലാ കുടുംബശ്രീ മിഷൻ നൽകിയിരിക്കുന്ന നിർദ്ദേശം.
20000 രൂപ ഓരോ അംഗത്തിനും നൽകുകയാണെങ്കിൽ ജില്ലയ്ക്ക് മാത്രം ആവശ്യമുള്ളത് 650 കോടിയോളം രൂപയാണ്. ഒമ്പത് ശതമാനം പലിശയാണ് അംഗങ്ങളിൽ നിന്ന് ഈടക്കേണ്ടത്. ഇത് സർക്കാർ അടയ്ക്കുന്നതോടെ കുടുംബശ്രീ അംഗങ്ങൾക്ക് പലിശ നൽകേണ്ടി വരില്ല. പണം നൽകുമ്പോൾ പലിശ പിടിച്ച ശേഷം അടവ് പൂർത്തിയാകുമ്പോൾ മാത്രമേ സബ്‌സിഡി സർക്കാർ നൽകുകയുള്ളു. അതുപ്രകാരം ലഭിക്കുന്ന തുകയിൽ നിന്ന് പലിശയും ബാങ്കുകാർ ഈടാക്കും.
10 മുതൽ 20 വരെ അംഗങ്ങൾ വരെയാണ് ഒരോ കുടുംബശ്രീയിലുമുള്ളത്. സർക്കാരിന്റെ വായ്പാ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരോ കുടുംബശ്രീകളിലും പരമാവധി പത്ത് പേർക്ക് മാത്രമേ വായ്പ ലഭിക്കാൻ സാദ്ധ്യതയുള്ളുവെന്ന് അറിയുന്നു.
ജില്ലയ്ക്ക് അനുവദിച്ച തുക- 184 കോടി
അംഗങ്ങൾ നൽകേണ്ട വിവരങ്ങൾ
നിലവിലെ വായ്പ
തിരിച്ചടവ് കാലം
കുടുംബത്തിന്റെ വരുമാനം
അംഗങ്ങളുടെ എണ്ണം
കുടുംബത്തിൽ നിന്ന് ജോലിക്ക് പോകുന്നവരുടെ എണ്ണം
വരുമാന മാർഗം
കൊവിഡ് കാരണം നഷ്ടമുണ്ടായിട്ടുണ്ടോ
നഷ്ടം എത്ര
താമസം വാടക വീട്ടിലോണോ, സ്വന്തം വീട്ടിലാണോ
സത്യവാങ് മൂലം
വായ്പ എടുക്കുന്ന അംഗത്തിന് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ, മറ്റു സ്ഥാപനങ്ങളിൽ നിന്നോ വേതനമായോ, പെൻഷനായോ 10000 രൂപയിൽ കൂടുതൽ ലഭിക്കുന്നില്ലായെന്ന സാക്ഷ്യപത്രം നൽകണം. കൂടാതെ ലഭിക്കുന്ന തുകയ്ക്ക് പ്രൊമിസറി നോട്ടും നൽകണം.
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച വായ്പാ പദ്ധതി പൂർണ്ണമായി നടപ്പാക്കാൻ തയ്യാറാകണം
(മഹിള ഐക്യവേദി)