തൃശൂർ: കൊവിഡ് 19 മഹാമാരിക്ക് മുൻപേ രണ്ട് പ്രളയങ്ങളും കൊടുംചൂടും തളർത്തിയ പച്ചക്കറിക്കൃഷിക്ക് വെള്ളവും വളവും താങ്ങും തണലുമായി കുടുംബശ്രീ. സംഘകൃഷി ഗ്രൂപ്പുകൾ വിളയിച്ചെടുത്ത പച്ചക്കറി ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടുമുറ്റങ്ങളിൽ എത്തിച്ചും ആദിവാസി ഊരുകളിലേക്ക് കിറ്റ് ആയി നൽകിയും അടുക്കളയിൽ പച്ചക്കറി വിഭവങ്ങൾ തയ്യാറാക്കാനുള്ള മത്സരങ്ങൾ നടത്തിയുമാണ് കൃഷിയെ കുടുംബശ്രീ പച്ചപിടിപ്പിക്കുന്നത്.
വിഷുവും ഈസ്റ്ററുമെല്ലാം കൊവിഡിന്റെ നിഴലിലായപ്പോൾ, നടത്തറയിലും കുഴൂരിലും മറ്റത്തൂരിലുമെല്ലാം ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ വിളഞ്ഞ പച്ചക്കറി കെട്ടിക്കിടക്കുകയായിരുന്നു. വിളവെടുക്കുന്നതിനും വിപണനം നടത്തുന്നതിനും അംഗങ്ങൾ നട്ടംതിരിഞ്ഞു. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത് എന്ന പദ്ധതി നടപ്പിലാക്കിയത്. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ സി.ഡി.എസുകളിലുള്ള സംഘകൃഷി ഗ്രൂപ്പുകൾ ചെയ്യുന്ന ജൈവ പച്ചക്കറികളാണ് ജില്ലാതലത്തിൽ ശേഖരിച്ച് മിനി ലോറിയിൽ എത്തിക്കുന്നത്. നിലവിൽ ഒരു വാഹനമാണുള്ളത്.
നഗരങ്ങളിലെ ജനവാസ മേഖലകളിലും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ വാഹനമെത്തി. ഈ ജൈവ പച്ചക്കറികൾ ബ്ലോക്കുകളിലെ വിവിധ പ്രദേശങ്ങളിൽ വിറ്റഴിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മഹിള കിസാൻ ശക്തി പരിയോജന പദ്ധതി പ്രകാരമാണ് സംഘകൃഷി ഗ്രൂപ്പുകൾ പച്ചക്കറിക്കൃഷി നടത്തിയത്.
മോശം കാലാവസ്ഥയും പ്രളയം അടക്കമുള്ള പ്രകൃതിദുരന്തങ്ങളും കൊവിഡും കൂടിയായതോടെ ടൺ കണക്കിന് പച്ചക്കറി നശിക്കുന്ന അവസ്ഥയിലായി. പാട്ടത്തിന് സ്ഥലമെടുത്താണ് സംഘങ്ങൾ കൃഷി നടത്തുന്നത്. വലിയൊരു നഷ്ടം ഒഴിവാക്കാൻ വേണ്ടിയാണ് പച്ചക്കറി വണ്ടി ഇനി വിട്ടുമുറ്റത്ത്' പദ്ധതി തുടങ്ങിയത്.
- കെ.വി. ജ്യോതിഷ്‌കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ
സംഘകൃഷി ഗ്രൂപ്പുകൾ: 5800
ഒരു ഗ്രൂപ്പിൽ അംഗങ്ങൾ: 410
പാചകമത്സരത്തിൽ പങ്കെടുത്തത്: 212
അംഗങ്ങൾ കിറ്റ് ലഭിച്ച ആദിവാസി കുടുംബങ്ങൾ: 860
പാചകമത്സരത്തിൽ ഇനി തോരനും കറികളും നാടൻ പച്ചക്കറിവിഭവങ്ങളുടെ മത്സരം മൂന്നാംഘട്ടം തുടങ്ങി. തോരൻ, കറികൾ, മെഴുക്കു വരട്ടി എന്നിവയാണ് ഈ ഘട്ടത്തിൽ തയ്യാറാക്കേണ്ടത്. പാചകക്കുറിപ്പുകളും തയ്യാറാക്കുന്നതിന്റെ വീഡിയോ ക്‌ളിപ്പുകളുമാണ് അയക്കേണ്ടത്. തിരഞ്ഞെടുത്തവ പുസ്തകമാക്കാനും ലക്ഷ്യമുണ്ട്. കുടുംബശ്രീ സംരംഭകർക്കും, അയൽക്കൂട്ട അംഗങ്ങൾക്കുമായി സംഘടിപ്പിച്ച പാചക മത്സരത്തിന്റെ രണ്ടാം ഘട്ടത്തിൽ തൊടിയിലെ, അടുക്കള തോട്ടത്തിലെ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് ജ്യൂസ്, ഷെയ്ക്ക് തയ്യാറാക്കലായിരുന്നു നടത്തിയത്. ഈ മാസം 15 നാണ് ആരംഭിച്ചത്.