anthikkad
കാലിത്തൊഴുത്ത് ആർട്ട്സ് സ്റ്റുഡിയോ ആക്കി അച്ഛനും മകളും വർണ്ണങ്ങളുടെ വിസ്മയകാഴ്ചകൾ ഒരുക്കുന്നു

അന്തിക്കാട്: അച്ഛനും മകളും കാലിത്തൊഴുത്തിൽ വർണ്ണങ്ങൾ ചാലിച്ച് ഒരുക്കുന്നത് ലോക്ക് ഡൗൺ കാലത്തെ കാഴ്ചവിസ്മയം. ഒഴിഞ്ഞ തൊഴുത്ത് ആർട്ട് സ്റ്റുഡിയോയാക്കി മാറ്റിയാണ് മാക്കോത്ത് ജിത്ത് അന്തിക്കാടിന്റെയും പ്ലസ് ടു വിദ്യാർത്ഥിനി കൂടിയായ മകൾ തേജലിന്റെയും പരീക്ഷണം.

മൂന്നുവർഷത്തോളം ചലച്ചിത്ര മേഖലയിൽ കലാസംവിധാന സഹായിയായി പ്രവർത്തിച്ചു വരികയാണ് ജിത്ത്. വരയും കരവിരുതും ഒഴിഞ്ഞ കുപ്പികളിലും തൊഴുത്തിലും തെളിയുമ്പോൾ കാലിത്തൊഴുത്തൊരു ചിത്രശാലയായി മാറുന്നു. കലാസംവിധായൻ സുനിൽ വപ്പുഴയുടെ സഹായിയാണ് ജിത്ത് അന്തിക്കാട്.

ഒരു അന്യഭാഷാ ചിത്രം ഉൾപ്പെടെ 20ലേറെ ചിത്രങ്ങളിൽ ജിത്ത് അന്തിക്കാട് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സ്വതന്ത്രമായി രണ്ട് ഷോർട്ട് ഫിലിമുകളിലും രംഗപടം ഒരുക്കിയിരുന്നു. മുള, മരക്കമ്പുകൾ, റബ്ബർ സോൾ, കളിമണ്ണ് തുടങ്ങിയ പാഴ് വസ്തുക്കളിലും കലാവൈഭവം ഒരുക്കുന്നതിൽ ജിത്തുവിന് വൈദഗ്ധ്യമുണ്ട്.

ബോട്ടിൽ ആർട്ടിന്റെ ഒരു ശേഖരം ഒരുക്കി സ്വന്തം നാട്ടിൽ ഒരു പ്രദർശനം ഒരുക്കണമെന്നാണ് ഈ കലാകാരന്റെ ആഗ്രഹം. അതിന് തുണയായി മകളും ഒത്തുചേരുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കാം.