തൃശൂർ. ലോക്ക് ഡൌൺ തുടങ്ങിയ സമയത്ത് കണ്ടുവന്നിരുന്ന അഴുകിയ മത്സ്യ വിൽപ്പനയ്ക്ക് വിരാമം. ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന റെയ്ഡിന് ഗുണ ഫലം കണ്ടുതുടങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നിരുന്ന അഴുകിയ മത്സ്യം ടൺ കണക്കിന് കഴിഞ്ഞ ഒരു മാസക്കാലം നടത്തിയ പരിശോധനകളിൽ പിടികൂടി നശിപ്പിക്കുകയും കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളുകയും ചെയ്തതുകൊണ്ടാണ് അഴുകിയ മത്സ്യത്തിന്റെ വരവ് നിലച്ചത്.
തൃശൂർ ശക്തൻ മാർക്കറ്റിൽ എല്ലാ ദിവസവും പുലർച്ചെ നാല് മുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന തുടരുന്നു. ഗുണ നിലവാരമില്ലാത്തതും രാസവസ്തുക്കൾ ചേർത്തതും അഴുകിയതും കേടുവന്നതുമായ മത്സ്യം കണ്ടെത്താൻ എറണാകുളം അനാലിറ്റിക്കൽ ലബോറട്ടറിയിലെ മൊബൈൽ ലാബ് സംവിധാനം ഉപയോഗപ്പെടുത്തി പരിശോധന നടത്തിയിരുന്നു. മൊത്ത കച്ചവടക്കാരുടെയും ചില്ലറ വിൽപ്പനക്കാരുടയും ലൈസൻസ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ചു ഉറപ്പു വരുത്തി. ഇപ്പോൾ പ്രധാനമായും വളർത്തു മത്സ്യങ്ങളും പുഴ മത്സ്യങ്ങളും ആണ് മാർക്കറ്റിൽ എത്തുന്നത്.
അഴുകിയ മത്സ്യം മാർക്കറ്റിൽ വിൽപ്പന നടത്തിയാൽ ലൈസൻസ് റദ്ദാക്കുകയും മാർക്കറ്റ് ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു പൂട്ടേണ്ടി വരുമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സി.എ. ജനാർദ്ദനൻ മുന്നറിയിപ്പ് നൽകി. ഫുഡ് സേഫ്ടി ഓഫീസർമാരായ വി.കെ. പ്രദീപ് കുമാർ, അനിലൻ കെ.കെ, ഹെൽത്ത് ഇൻസ്‌പെക്ടർ നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ഫുഡ് സേഫ്ടി ഓഫീസർമാരായ അനു ജോസഫ്, രേഖ മോഹൻ, സരിത, കൃഷ്ണ പ്രിയ, രേഷ്മ, അപർണ, ലിഷ, ഷാലിമ, രാജി എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന കൾ നടത്തുന്നത്.